ജിതേഷ് വി പി
ദേശീയ തലത്തിൽ ലോക് താന്ത്രിക്ക് ജനതാദൾ ലയിച്ച് ആർജെഡിയുടെ ഭാഗമായതോടെ സാങ്കേതികമായി വലതുപക്ഷ മുന്നണിയിലുള്ള പാർട്ടി എന്ന രീതിയിൽ കൂത്തുപറമ്പ് മണ്ഡലം എം.എ ൽ.എ കെ.പി.മോഹനൻ യുഡിഎഫ് മുന്നണിയിലാണ് എന്ന വാദമാണ് പുതിയ രാഷ്ട്രീയ, മുന്നണി സമവാക്യത്തിലേക്കും, വിവാദത്തിലേക്കും നീങ്ങുന്നത്.2022 ൽ ലയനം നടന്നെങ്കിൽ എൽജെഡി കേരള ഘടകം ലയന നീക്കത്തിനൊപ്പം ചേർന്നിരുന്നില്ല. എന്നാൽ എൽഡിഎഫിനൊപ്പമുള്ള കൃഷ്ണൻകുട്ടി വിഭാഗം നയിക്കുന്ന ജെഡിഎസിനൊപ്പം ലയിക്കാനാണ് എൽജെഡി കേരള ഘടകത്തിലെ ഒരു വിഭാഗത്തിന് താൽപ്പര്യവും.എതിർപ്പുമായി ഇരുവിഭാഗങ്ങളിലും നേതാക്കൾ മുന്നിലുള്ളതും ലയന സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. നിലവിൽ മന്ത്രി സ്ഥാനം ലഭിച്ച ജെഡിഎസിന് ലയനം കൊണ്ട് നഷ്ടം മാത്രമേ ഉണ്ടാകൂ എന്ന ചിന്തയാണ് ജെഡിഎസ് – എൽജെഡി ലയനം വഴിമുട്ടി നിൽക്കുന്നതും.ആർ ജെ ഡി ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം സംസ്ഥാന ഘടകം തങ്ങളുടെ ഏക എം എൽ എ ആണ് കെ.പി.മോഹനൻ എന്ന വാദമുന്നയിച്ച് സ്പീക്കർക്ക് അടുത്ത ദിവസം കത്തു നൽകാനാണ് തീരുമാനം.ഇതോടെ എൽജെഡി കേരള ഘടകം പ്രതിസന്ധിയിലാകും. കെ.പി.മോഹനൻ,എം വി.ശ്രേയംസ് കുമാർ എന്നിവരടക്കമുള്ള നേതാക്കൾ ദേശീയ തലത്തിൽ നടന്ന ലയന നീക്കത്തിൽ പിന്തുണ നൽകിയവരുമായിരുന്നു.എം.പി.വീരേന്ദ്രകുമാറിൻ്റെ വിയോഗം സംസ്ഥാന തലത്തിൽ പ്രശ്ന പരിഹാരത്തിനു ഭീഷണിയായി മാറിയ സാഹചര്യം കൂടിയാണിത്.സ്പീക്കർക്ക് ആർ ജെ ഡി നേതൃത്വം കത്തു നൽകിയാൽ, കെ.പി.മോഹനൻ്റെ നിലപാടാണ് നിർണ്ണായമാകുക.മന്ത്രി സ്ഥാനത്തിന് കരുക്കൾ നീക്കി തുടങ്ങിയ എൽജെഡിക്ക് എൽഡിഎഫിൽ തുടരാൻ വിലപേശൽ നടത്താനും ഇതോടെ സാധിക്കും.വിഷയം സങ്കീർണ്ണമായാൽ സ്പീക്കർക്ക് താൽക്കാലിക തീരുമാനം കൈക്കൊള്ളാൻ സാധിക്കുമെങ്കിലും, പ്രശ്ന പരിഹാരം കോടതി തീരുമാനത്തിന് വിധേയമാകാനാണ് സാധ്യത. എന്തായാലും എൽ ഡി എഫിൽ നിന്നും, യു ഡി എഫിലെത്തി മന്ത്രി പദത്തിലെത്തി വീണ്ടും മുന്നണി മാറി എൽ ഡി എഫിൽ തന്നെ തിരിച്ചെത്തി എൽഎൽഎയായ കെ.പി.മോഹനന് മുന്നണി ലയനം വരും ദിവസങ്ങളിൽ വലിയ തലവേദന തന്നെയാകുമെന്ന് ഉറപ്പാണ്.