ഇരിട്ടി :റോഡ് പണിക്കിടെ നിർത്തിയിട്ട മിക്സർ യൂണിറ്റ് ലോറി ഉരുണ്ടു നീങ്ങി കടയിലേക്ക് പാഞ്ഞ് കയറി 13-കാരന് പരിക്കേറ്റു. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിലെ ആൽഫിക്കാണ് പരിക്കേറ്റത്.
ആൽഫിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. റീ ബിൽഡ് കേരളയിൽ നവീകരിക്കുന്ന എടൂർ- പാലത്തും കടവ് റോഡ് നവീകരണത്തിന് ഇടയിലാണ് അപകടം.
വാണിയപ്പാറ ടൗൺ അടുത്തുള്ള കയറ്റത്തിൽ നിർത്തി ഡ്രൈവർ ഇറങ്ങിയപ്പോൾ ലോറി ഉരുണ്ടു നീങ്ങി ടൗണിലെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞു കയറുക ആയിരുന്നു. കടയിൽ ഉണ്ടായിരുന്ന വിദ്യാർഥിക്ക് ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു. കടയുടെ ഒരു ഭാഗവും തകർന്നു. പരിക്കേറ്റ വിദ്യാർഥിയെ ആദ്യം ഇരിട്ടിയിലെ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി.