ഇരിട്ടി: ആറളം പൂതക്കുണ്ടിൽ കടുവടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് പൂതകുണ്ടിലെ പുഴക്കരയിൽ കൃഷിയിടത്തിലെത്തിയവർ വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. ഇതോടെ ഈ പരിസരങ്ങളിൽ ആളുകൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിലേക്ക് വന്യജീവി ഇറങ്ങിയതായുള്ള സ്ഥലവും അത് കിടന്ന സ്ഥലവും കണ്ടെത്തിയത്.
ഇതിനു സമീപത്തായാണ് കടുവയുടേതെന്ന് സംശയിക്കുന്ന തരത്തിലുള്ള കാൽപ്പാടും കണ്ടെത്തിയത്. വനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം വയനാട്ടിൽ കടുവ ഒരാളെ കൊന്ന സംഭവം കൂടി ഉണ്ടായതോടെ ഈ മേഖലയിലുള്ള ആളുകൾ ഏറെ ഭീതിയിലാണ്.
പുഴപുറമ്പോക്ക് പ്രദേശമായതിനാൽ ആളൊഴിഞ്ഞതും ഏക്കർ കണക്കിന് കാടുപിടിച്ച് കിടക്കുന്ന സ്ഥലവുമാണിവിടം.
#tag:
Kuthuparamba