ഇരിട്ടി: നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം ആറിന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച പോലീസ് സ്റ്റേഷനാണ് മുഴക്കുന്നിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കാക്കയങ്ങാട് – പുന്നാട് റോഡിലാണ് നാട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിയ 45 സെന്റ് സ്ഥലത്തു പോലീസ് സ്റ്റേഷനായി കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങളായെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷൻ ഉദ്ഘാടനം ആറിന് നടക്കുമെന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ ബാക്കി കിടന്നിരുന്ന മിനുക്കു പണികൾ പോലീസുകാർ ഉൾപ്പെടെ ചേർന്നുകൊണ്ട് പൂർത്തീകരിക്കുകയായിരുന്നു.
2016 ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് കാക്കയങ്ങാട് ആസ്ഥാനമാക്കി മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ അനുവദിച്ചത്. മുഴക്കുന്ന് – പാലപ്പുഴ റോഡിൽ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചു വന്നത്. ഇരിട്ടി, പേരാവൂർ, മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികൾ വിഭജിച്ചാണ് പുതിയ സ്റ്റേ്ഷൻ അനുവദിച്ചത്. സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഇതിനായി നാട്ടുകാരും വ്യാപാരികളും മുൻകൈയേടുത്താണ് ജനകീയ കൂട്ടായ്മ്മ രൂപപ്പെടുത്തിയത്.
ഈ കൂട്ടായ്മ്മയാണ് 45 സെൻറ് സ്ഥലം വാങ്ങി സേനയ്ക്ക് കൈമാറിയത്. സ്റ്റേഷൻ പണിയാൻ നാട്ടുകാർ പണം മുടക്കി സ്ഥലം വാങ്ങുന്ന അപൂർവ്വം സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. 1.75 കോടിരൂപ സർക്കാർ കെട്ടിടം പണിയാനായി അനുവദിച്ചു. 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് വി.വി. വിനോദ്കുമാർ, പേരാവൂർ ഡി വൈ എസ് പി ടി.കെ. അഷ്‌റഫ്, സി ഐ കെ. സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.എഫ്. സബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബുമാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാജു, ഒമ്പാൻ ഹംസ, എം. ഷിബു, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡിവൈഎസ് പി ചെയർമാനായാണ് സംഘാടക സമിതി രൂപീകരിച്ചത്.