ഇരിട്ടി: പട്ടിക വർഗ്ഗ വകുപ്പിന്റെ സഹായത്തോടെ ആറളം ഫാമിൽ വിപുലമായ രീതിയിൽ ആരംഭിച്ച തേനീച്ച വളർത്തൽ പദ്ധതിയിൽ നിന്നുമുള്ള തേൻ ശേഖരണം ആരംഭിച്ചു. ഇതിൻറെ ആദ്യ വിളവെടുപ്പ് ആറളം ഫാം മാനേജിംഗ് ഡയറക്ടറും സബ് കളക്ടറുമായ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു. ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാറും ശേഖരണത്തിൽ പങ്കുചേർന്നു. 4000 കിലോഗ്രാം തേനാണ് ഈ സീസണിൽ ഫാം പ്രതീക്ഷിക്കുന്നത്. എ.ഡി. ജെയിംസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘമാണ് തേൻ കൃഷി വിപുലമായി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശീലനം ഊട്ടിയിലെ കീ സ്റ്റോൺ എന്ന സ്ഥാപനത്തിൽ നടത്തുകയുണ്ടായി. ഫാമിൽ നിന്നും പട്ടികവർഗ്ഗവിഭാഗത്തിലുള്ള 25 പേരാണ് തേനീച്ച കൃഷിയിൽ വൈദഗ്ദ്ധ്യം നേടിയത്. ഇതിലൂടെ വൻ വരുമാനമാണ് ആറളം ഫാം പ്രതീക്ഷിക്കുന്നത്. അതിവിപുലമായ സംസ്കരണ യൂണിറ്റും പാക്കിംഗ് സംവിധാനവും ഇതോടൊപ്പം ഫാമിൽ ഒരുങ്ങി വരുന്നു.