കൂത്തുപറമ്പ്:കൂത്തുപറമ്പ് താലൂക്ക് ആശുപ ത്രിയിലെ ഡയാലിസിസ് സെൻ്ററിന്റെ പ്രവർത്തനം വിപുലീകരിക്കുന്നു. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യൻ്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നാം ഷിഫ്റ്റ് ഉൾപ്പെടെയുള്ള പ്രവർത്തനമാരംഭിക്കുന്നത്.1.20 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് 10 ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചത്.
നഗരസഭ വകയിരുത്തിയ 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിച്ചത്. രോഗികൾ കൂടിയതോടെ രണ്ട് ഷിഫ്റ്റുകളാക്കി. ജീവനം സൊസൈറ്റി രൂപീകരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. 2019ൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 48,63,355 രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്. രോഗികളുടെ എണ്ണത്തിനൊപ്പം ചെലവും വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമാണ്. ജനകീയ ഫണ്ട് ശേഖരണത്തിനു മുന്നോടിയായി നഗരസഭയിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വ്യാപാര വ്യവസായ വിദ്യാഭ്യാസ മേഖലക ളിലുള്ളവരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം 20ന് വൈകിട്ട് 4.30ന് സ്റ്റേഡിയം പവലിയനിൽ നഗരസഭാ അധികൃതർ വിളിച്ചു ചേർത്തിട്ടുണ്ട്.