കൂത്തുപറമ്പ്: ഓണ്‍ലൈൻ ചാറ്റിംഗിലൂടെ കൂത്തുപറമ്പ് സ്വദേശിയായ യുവതിയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍.
ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി (38) നെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടു ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. 2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട് ഐഡന്‍റിറ്റി വെളിപ്പെടുത്താതെ വ്യാജമേല്‍വിലാസം നല്കി ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നാട്ടിലെ കാൻസർ രോഗിക്ക് സഹായം വേണമെന്ന് അഭ്യർഥിച്ചു ഗൂഗിള്‍ പേ നമ്പർ കൊടുക്കുകയും യുവതി പൈസ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പലതവണ പണം വാങ്ങി. പേഴ്സണലായി വാങ്ങിയ തുക തിരികെ വേണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഇതോടെ യുവതിയുടെ പ്രൊഫൈല്‍ ചിത്രം മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കു മെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതിനകം തന്നെ രണ്ടു ലക്ഷത്തോളം രൂപ യുവാവ് കൈക്കലാക്കി യിരുന്നു. തുടർന്നാണ് ബന്ധുക്കള്‍ മുഖേന യുവതി കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ ഹക്കീമിനെ ആലുവയില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇലക്‌ട്രീഷ്യനായ ഇയാള്‍ക്ക് നല്ല കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരുന്നു. കാലടി പോലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ കൂത്തുപറമ്പിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്‌ഐമാരായ ഷനില്‍, പ്രദീപൻ,സിവില്‍ പോലീസ് ഓഫീസർമാരായ പ്രശോഭ്, അർജുൻ എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.