കൂത്തുപറമ്പ് : നരവൂരിൽ ബി.ജെ.പി. അനുഭാവിയുടെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. നരവൂരിലെ സബിനേഷ് (28), രജീഷ് (32) എന്നിവരെയാണ് കൂത്തുപറമ്പ് എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തത്.
ചെറുവളത്ത് ഹൗസിൽ സി. വിനീഷിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വീടിന് സമീപത്താണ് ബോംബ് വീണ് പൊട്ടിയത്. സ്ഫോടനത്തിൽ ഷീറ്റുകൊണ്ട് നിർമിച്ച കാർ പോർച്ചിന് കേടുപറ്റിയിരുന്നു.
മറ്റൊരു ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി. സ്റ്റീൽ ബോംബാണ് എറിഞ്ഞത്. ഇതിന് തൊട്ടടുത്തുള്ള സി.പി.ഐ. നരവൂർ ബ്രാഞ്ച് സെക്രട്ടറി പി. ശൈലജയുടെ കടയ്ക്ക് മുന്നിൽ റീത്തും വെച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്.