ഒഞ്ചിയം : കനത്ത മഴയിൽ മേൽക്കൂര തകർന്ന് ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ 15 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ആണ് കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി നശിച്ചത് . അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാരും വായനക്കാരും ആശ്രയിക്കുന്ന റഫറൻസ് ലൈബ്രറിയാണിത്. അമൂല്യവും അപൂർവവും ആയ ഗ്രന്ഥങ്ങൾ അടങ്ങിയതായിരുന്നു റഫറൻസ് ലൈബ്രറി. സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങൾ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാല ചരിത്രം ഉൾപ്പെടെയുള്ള പത്രശേഖരം, മഹാൻമാരുടെ ഡയറിക്കുറിപ്പുകൾ, താളിയോലകൾ എന്നിവയടക്കം ഏറെകുറെ നശിച്ചുപോയ നിലയിലാണ്. ആരോഗ്യ- ജീവകാരുണ്യ, വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിൽ 2005 മുതൽ നിശ്ശബ്ദ സേവനം അനുഷ്ഠിച്ചു വരുന്ന സംഘടനയാണ് കടത്തനാട് റിസർച്ച് സെന്ററും അനുബന്ധ സ്ഥാപനങ്ങളും. അവശേഷിച്ച പുസ്തകങ്ങളും ഫർണിച്ചറുകളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്ന് ഗ്രന്ഥാലയം പ്രസിഡന്റ് പ്രൊഫസർ കടത്തനാട്ട് നാരായണൻ, സെക്രട്ടറി ഡോ. പി.പി.ഷാജു എന്നിവർ പറഞ്ഞു