ഇരിട്ടി :സിബിഐ, പൊലിസ് ഓഫീസർ ചമഞ്ഞ് ഫോൺ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും. സ്വകാര്യ കോളേജ് അധ്യാപകനും ഇരിട്ടി ചിദംബരം നൃത്ത- സംഗീത വിദ്യാലയം ഉടമയുമായ കെ എം കൃഷ്ണന്റെ ഫോണിലേക്കാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോൺ വിളിയെത്തിയത്. ചെന്നൈയിൽ നിന്നാണെന്നും സി ബിഐ ഓഫീസറാണെന്നും ഹിന്ദിയിൽ പരിചയപ്പെടുത്തിയാണ് സംസാരം. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ ഇംഗ്ലീഷിലായി സംഭാഷണം. ചെന്നൈയിൽ കോളേജ് വിദ്യാർഥിയായ കൃഷ്ണന്ടെ മകളെ സിബിഐ അറസ്റ്റുചെയ്തുവെന്നും ഉടൻ ചെന്നൈയിലെത്താനുമാണ് ആവശ്യപ്പെട്ടത്. കൃഷ്ണൻ ഗൗനിച്ചില്ല. തുടരെ പിന്നീടും ഫോൺ വിളിയെത്തി. മകളുടെയും കൂട്ടുകാരുടെയും പേരും വിലാസവും കൃഷ്ണൻ്റെ പേരും വിലാസവും ഉൾപ്പെടെ അറിയിച്ചതോടെ 'സിബിഐ' അധികൃതരുടെ വാക്കുകളിൽ കുടുങ്ങി. മയക്കുമരുന്നിന് അടിപ്പെട്ട് മകളുടെ കൂട്ടുകാരി ആത്മഹത്യക്ക് തുനിഞ്ഞുവെന്നും സംഭവത്തിൽ മകളും ഉൾപ്പെട്ടതായും അറിയിച്ചതോടെ പരിഭ്രാന്തിയിലായി. വാട്‌സാപ്പിലായിരുന്നു വിളികൾ. മകളുടേതെന്ന വ്യാജേന പെൺകുട്ടിയുടെ നിലവിളിയും കേൾപ്പിച്ച അജ്ഞാതൻ സംഭവം ഒതുക്കാൻ പത്തംഗ 'സിബിഐ ഉദ്യോഗസ്ഥ ർക്ക് 25,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
ഉടൻ മകളെ വിളിച്ച് സുരക്ഷിതയാണെന്ന് ഉറപ്പാക്കിയശേഷം ഇരിട്ടി സിഐ എ കുട്ടിക്കൃഷ്ണന് പരാതി നൽകി. കാക്കയങ്ങാട്ടെ മറ്റൊരു ദമ്പതികളെയും പൊലീസ് വേഷത്തിൽ വീഡിയോകോൾ വിളിച്ച് മകളെ അറസ്റ്റു ചെയ്തെന്ന് അറിയിച്ച് തട്ടിപ്പിന് മുതിർന്നു. വിരമിച്ച ഉദ്യോഗസ്ഥനെ ഇതേ മട്ടിൽ കബളിപ്പിച്ച് ഏഴുലക്ഷം രൂപ വെട്ടിച്ച സംഭവവും ഇരിട്ടിയിലുണ്ടായിരുന്നു.
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണെന്നും സിനിമാ ചിത്രീകരണ മാതൃകയിൽ ആശുപത്രികളുടെയും പൊലിസ് സ്റ്റേഷനുക ളുടെയും കൃത്രിമ സെറ്റ് സ്ഥാപിച്ച് ഇത്തരം സംഘങ്ങൾ തട്ടിപ്പിന് ശ്രമിക്കുന്നുണ്ട്. പണം ആവശ്യപ്പെട്ടുള്ള ഫോൺവിളികളിൽ വീഴരുതെന്നും ഉടൻ പൊലീസിൽ അറിയിക്കണമെന്നും ഇരിട്ടി സിഐ എ കുട്ടിക്കൃഷ്ണൻ അറിയിച്ചു.