ഇരിട്ടി: കാട്ടാനശല്യം നിരന്തരം നാശം വിതക്കുന്ന ആറളം ഫാമിൽ ഇതിനു പിന്നാലെ വാനരക്കൂട്ടങ്ങളും പ്രതിസന്ധി തീർക്കുന്നു. കൂട്ടമായെത്തിയ വാനരക്കൂട്ടം കഴിഞ്ഞ ദിവസം ഫാം സെൻട്രൽ നേഴ്‌സറിയിൽ കയറി ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയത്.
ഫാം സെൻട്രൽ നേഴ്‌സറിയിൽ പോളിഹൗസിൽ വിൽപ്പനക്ക് തയ്യാറാക്കിയ 4500 ഓളം അത്യുത്പ്പാദന ശേഷിയുള്ള ബഡ് കശുമാവിൻ തൈകളും 271 ഡബ്യു സി ടി കുറ്റ്യാടി തെങ്ങിൻ തൈകളും പൂർണ്ണമായും നശിപ്പിച്ചു. പോളി ഹൗസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷീറ്റ് വലിച്ചുകീറിയാണ് വാനരക്കൂട്ടം ഉള്ളിലേക്ക് പ്രവേശിച്ചത്.
വൈകിട്ട് തൊഴിലാളികളും ജീവനക്കാരുമെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സമയത്താണ് വാനരക്കൂട്ടമെത്തി നാശം വിതച്ചത്. അത്യുത്പ്പാദന ശേഷിയുള്ള പ്രിയങ്ക, കനക, സുലഭ ഇനത്തിൽപ്പെട്ട തൈകളാണ് നശിപ്പിച്ചത്.
പോളിത്തീൻ പാക്കറ്റുകൾ പൊട്ടിച്ചും തൈകൾ കടിച്ചു പറിച്ചും ചിറ്റാരിയിട്ട നിലയിലാണ്. 100രൂപയ്ക്ക് വില്പ്പനയ്ക്ക തെയ്യാറായ തെങ്ങിൻ തൈകളും വ്യാപകമായി നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നത്.