ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന പത്ത് കിലോവോളം കഞ്ചാവുമായി ശിവപുരം കാഞ്ഞിലേരി സ്വദേശിയെ എക്സൈസ് സഘം പിടികൂടി അറസ്റ്റ് ചെയ്തു. കാഞ്ഞിലേരിയിലെ പുതിയവീട്ടിൽ പി.വി. നസീർ (45) ആണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.
ഇയാൾ സഞ്ചരിച്ച കെ.എൽ 13 എ ടി 5012 മാരുതി എസ്‌പ്രെസ്സോ കാറിൽ നിന്നും 9.773 കിലോ കഞ്ചാവ് എക്സൈസ്സംഘം കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ ഇരിട്ടി - കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിലെ കുന്നോത്ത് ബെൻഹില്ലിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് നസീർ പിടിയിലാകുന്നത്.
ഇയാൾക്കെതിരെ എൻ ഡി പി എസ് പ്രകാരം കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവിനെക്കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ അബ്ദുൽ ആർ.പി. നാസർ, പി.കെ. അനിൽ കുമാർ, പി ഒ ഗ്രേഡ് ടി. ഖാലിദ്, സി ഇ ഒ മാരായ റിനീഷ് ഓർക്കാട്ടെരി, ടി.കെ. ഷാൻ, കെ. എം. അജ്മൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.