കണ്ണൂർ : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ധീര പോരാളികള്‍ക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കൂത്തുപറമ്പിലെ ആറു സഖാക്കളുടെ ഉജ്ജ്വല സ്മരണ വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊർജമാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. രക്തസാക്ഷി ദിനത്തിന്റെ 30ാം വാർഷികമായ ഇന്ന് സംസ്ഥാനത്തുടനീളം അനുസ്മരണ യോഗങ്ങളും റാലിയും നടക്കും. കൂത്തുപറമ്പില്‍ വൈകിട്ട് അഞ്ചിന് രക്തസാക്ഷി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം. മുപ്പതു വർഷങ്ങള്‍ക്കു മുൻപ് യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നീ അഞ്ചു സഖാക്കള്‍ കൂത്തുപറമ്പില്‍ രക്തസാക്ഷികളായത്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പൻ ജീവിതത്തോട് മല്ലിട്ടു ശയ്യാവലംബിയായി കിടന്നത് വർഷങ്ങളാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പൻ സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും നേർപര്യായമായി. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞത് ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ്.
കൂത്തുപറമ്പിലെ ആറു സഖാക്കളുടെ ഉജ്ജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊർജമാവും. കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.