Zygo-Ad

ആറളം ഫാം പുനരധിവാസ മേഖലയിലെ ‌പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദേശം

 


ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖല ഉള്‍പ്പെടെ ഇഴഞ്ഞു നീങ്ങുന്ന പദ്ധതികള്‍ വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ഒ.ആർ. കേളുവിന്‍റെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ആറളം ഫാമിന്‍റെയും പുനരധിവാസ മേഖലയുടെയും നിലനില്‍പ്പു തന്നെ തീരുമാനിക്കുന്ന ആനമതിലിന്‍റെ പ്രവൃത്തി മാർച്ച്‌ 31 നുള്ളില്‍ പൂർത്തിയാക്കാനുള്ള കർശന നിർദേശമാണ് യോഗത്തിലെ പ്രധാന തീരുമാനം. 

ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളില്‍ ആനമതിലുമായി ബന്ധപ്പെട്ട് നാലു കിലോമീറ്ററോളം ദൂരത്തില്‍ ഇനിയും 183 മരങ്ങള്‍ മുറിച്ചു നീക്കാത്തത് നിർമാണത്തിന് തടസമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പരിഹാര വനവത്കരണം സംബന്ധിച്ചുള്ള എംഒയു സോഷ്യല്‍ ഫോറസ്ട്രി എസിഎഫും ടിആർഡിഎം പ്രോജക്‌ട് ഓഫിസറും സബ് കളക്‌ടറും ഒരാഴ്‌ചയ്ക്കുള്ളില്‍ ഒപ്പു വയ്ക്കണം. 

അടുത്ത ഒരാഴ്‌ചയ്ക്കുള്ളില്‍ സോഷ്യല്‍ ഫോറസ്ട്രി അനുമതി നല്‍കണം. തുടർന്ന് പെട്ടന്ന് മരം മുറിച്ചു വില്പന നടത്തുന്നതിനുള്ള ലേലം നല്‍കണം. കരാറുകാരൻ ആനമതില്‍ നിർമാണത്തിനു അഞ്ചു മാസം അധിക സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.

പുനരധിവാസ മേഖലയില്‍ നബാർഡ് പദ്ധതിയില്‍ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങള്‍ ഉടൻ കൈമാറാനും നിർദേശം. അങ്കണവാടികള്‍ക്കായി നിർമിച്ച കെട്ടിടങ്ങളില്‍ ഒന്നും കുടുംബശ്രീക്കും സിവില്‍ സപ്ലൈസ് വകുപ്പിനായി നിർമിച്ച കെട്ടിടങ്ങളില്‍ ഒന്ന് ഫാമിംഗ് കോർപറേഷൻ കേരള ലിമിറ്റഡിന്‍റെ ഓഫീസ് ആവശ്യങ്ങള്‍ക്കും വിട്ടു നല്‍കും. 

അവശേഷിച്ച കെട്ടിടങ്ങള്‍ അതതു വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർമാർ ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള കത്ത് ഡിസംബർ 31 നുള്ളില്‍ എസ്‌ടി ഡയറക്ടർക്ക് നല്‍കണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച ഗവ. മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍ കെട്ടിട സമുഛയത്തില്‍ കാർഷിക സർവകലാശാലയുടെയും വെറ്ററിനറി സർവകലാശാലയുടെയും റീജണല്‍ കേന്ദ്രങ്ങളും ട്രൈബല്‍ പരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടുകളും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇവയുടെ ഡയറക്‌ടർമാർ എസ്‌ടി ഡയറക്‌ടർക്ക് ശിപാർശ നല്‍കണം.

ആറളം ഫാമിന്‍റെ സമഗ്ര വികസനം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകും. കൃഷി വ്യാപനവും പുനർ കൃഷിയും നടപ്പാക്കണം. സംരംഭക പങ്കാളിത്ത കൃഷി പദ്ധതി വിശദാംശങ്ങളും ആദിവാസി വിഭാഗത്തില്‍ പെട്ടവർക്കു തൊഴില്‍ ഉറപ്പാക്കുന്നതും ഫാം ബ്ലോക്ക് അഞ്ചില്‍ പാഴ്‌മരങ്ങളുടെ വില്പന ലേലത്തിന്‍റെ മറവില്‍ നടന്ന അനധികൃത മരംമുറി നടന്നതായ പരാതികളും ചർച്ച ചെയ്തു.

വളരെ പുതിയ വളരെ പഴയ