കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് 27-കാരിയായ ജ്യോതിഷ ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. ജ്യോതിഷയുടെ ഭർത്താവ് സജിൽ, മാതാവ് ചന്ദ്രി, സഹോദരി ജൂന എന്നിവരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇവർ മകളെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു ജ്യോതിഷയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ സമയത്ത് 12 പവൻ സ്വർണവും പണവും നൽകിയിരുന്നു. എന്നാൽ ഇനിയും കൂടുതൽ സ്വർണവും പണവും വേണമെന്ന് ആവശ്യപ്പെട്ട് സജിലും അമ്മയും സഹോദരിയും ജ്യോതിഷയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഈ ക്രൂരമായ പീഡനത്തെ തുടർന്നാണ് ജ്യോതിഷ ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ.
കേസിൽ പ്രതികൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
