കൂത്തുപറമ്പ്: നഗരത്തിൽ ഫുട്പാത്തുകൾ കൈയ്യേറി കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കൂത്തുപറമ്പ് നഗരസഭ. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഫുട്പാത്ത് കൈയ്യേറി സ്ഥാപിച്ച നിരവധി സാധനങ്ങൾ നീക്കം ചെയ്യിക്കുകയും അപകടകരമായ രീതിയിൽ വെച്ചവ പിടിച്ചെടുക്കുകയും ചെയ്തു.
വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ നടപ്പാതകൾ കൈയ്യേറി സാധനസാമഗ്രികളും ബോർഡുകളും പ്രദർശിപ്പിക്കുന്നത് കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും വലിയ തടസ്സമാണ് സൃഷ്ടിച്ചിരുന്നത്. ഇതിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ കർശന നടപടികളിലേക്ക് കടന്നത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഫുട്പാത്ത് കൈയ്യേറുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകി.
