പിണറായി: പ്രായത്തിന്റെ ഒറ്റപ്പെടലുകളെ മറന്ന് കൂട്ടുകാരെ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനും ഒത്തുകൂടുന്ന പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാലയിലെ വയോജന വേദിയുടെ ‘ആഴ്ചയിൽ ഒരു നാട്ടുവർത്താനം’ കൂട്ടായ്മ നൂറാം ആഴ്ചയിലേക്ക് കടക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ശേഷം വായനശാലയിൽ ഒത്തുകൂടുന്ന വയോജനങ്ങൾ പഴയകാല ഓർമ്മകൾ പങ്കുവെച്ചും പാട്ടുപാടിയും സായന്തനകാലം ആനന്ദകരമാക്കുകയാണ്.
കൂട്ടായ്മയുടെ ഭാഗമായി രൂപീകരിച്ച ‘വയോജന നിധി’ ഉപയോഗിച്ച് ഇതുവരെ മുപ്പതിലേറെ യാത്രകൾ അംഗങ്ങൾ നടത്തിക്കഴിഞ്ഞു. ഡൽഹിക്ക് പുറമെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ അംഗങ്ങൾക്കും പാസ്‌പോർട്ട് എടുത്ത് മലേഷ്യൻ യാത്രയും ഇവർ പൂർത്തിയാക്കി. യാത്രാനുഭവങ്ങൾ പുസ്തകമാക്കുന്നതും പിറന്നാളുകൾ ആഘോഷിക്കുന്നതും വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നതും ഇവരുടെ പതിവാണ്.
ആരോഗ്യ സംരക്ഷണത്തിനായി യോഗ, കൗൺസലിങ്, കൂൺകൃഷി പരിശീലനം, പ്രതിമാസ മെഡിക്കൽ പരിശോധനകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. നൂറാം ആഴ്ച ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 12-ന് കലാസന്ധ്യയും, പ്രച്ഛന്നവേഷ മത്സരവും, വയോജനങ്ങളുടെ പ്രശ്നങ്ങൾ പ്രമേയമാക്കി നിർമ്മിച്ച ‘നാട്ടുവർത്താനം’ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനവും നാടൻപാട്ടും നടക്കും. സൗഹൃദത്തിലൂടെ ഏകാന്തതയെ അതിജീവിക്കാമെന്ന് തെളിയിക്കുകയാണ് ഈ വയോജന കൂട്ടായ്മ.
