കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ നികത്താതെ ഒഴിഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങി എ.ഐ.വൈ.എഫ് (AIYF). ഇതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചരണം നടത്തി.
മേഖലയിലെ നിർധനരായ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം മൂലം ചികിത്സാ സേവനങ്ങൾ തടസ്സപ്പെടുന്നതായി ആക്ഷേപമുണ്ട്. പല വകുപ്പുകളിലും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് രോഗികളെ ദുരിതത്തിലാക്കുകയാണ്.
ആശുപത്രിയിലെ ഒഴിവുകൾ നികത്തി സാധാരണക്കാരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
