Zygo-Ad

മമ്മാക്കുന്നിൽ പാലത്തിന് സമീപം ഒരു കോടിയുടെ പാർക്ക് നിർമാണം ഉടൻ ആരംഭിക്കും

 


പിണറായി: മമ്മാക്കുന്ന് പാലത്തിന് സമീപം സായാഹ്നം ആസ്വദിക്കാൻ പുതിയ പാർക്ക് ഒരുങ്ങുന്നു. മേലൂർ വടക്ക് ജങ്ഷനിൽ ബസുകൾ തിരിയുന്ന ഭാഗത്തെ റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് പാർക്ക് നിർമിക്കുന്നത്. പുഴയും പാലവും ചുറ്റുമുള്ള പ്രകൃതിഭംഗിയും ആസ്വദിക്കാവുന്ന തരത്തിൽ പ്രദേശത്തെ മനോഹരമായ പൊതുഇടമാക്കി മാറ്റുകയാണ് ലക്ഷ്യം. പാർക്ക് നിർമാണത്തിന് 85 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 15 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അനുവദിച്ച പദ്ധതിയുടെ നിർമാണപ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കാൻ തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം പ്രഭാകരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലം ഒരുക്കുന്ന പ്രവൃത്തികൾ ഉടൻ നടക്കും. കുടുംബശ്രീ നേതൃത്വത്തിൽ കഫ്റ്റീരിയയും ശുചിമുറി സംവിധാനങ്ങളും പാർക്കിൽ സജ്ജമാക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചെലവഴിക്കാവുന്ന വിശ്രമകേന്ദ്രമായി ഇത് മാറും. സുരക്ഷയ്ക്കായി പാർക്ക് പരിസരത്ത് സിസിടിവി കാമറകളും സ്ഥാപിക്കും.

യോഗത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അലീന പദ്ധതി വിശദീകരിച്ചു. ധർമടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി വി രമേശൻ, കെ സിന്ധു, ഷൈജ മഹേശ്വരൻ, വടവതി വിനോദൻ, വി പ്രസാദൻ, എടക്കണ്ടി പ്രകാശൻ, കെ സുരേന്ദ്രൻ, കെ സദാനന്ദൻ, വി പ്രദീപൻ എന്നിവർ സംസാരിച്ചു. പദ്ധതി നടത്തിപ്പിനായി വടവതി വിനോദനെ ചെയർമാനായും കെ സദാനന്ദനെ കൺവീനറായും തെരഞ്ഞെടുത്തു.

 

വളരെ പുതിയ വളരെ പഴയ