Zygo-Ad

ചെറുവാഞ്ചേരിയിൽ വച്ചു നടന്ന സിപിഐഎം കൂത്തുപറമ്പ് ഏരിയ സമ്മേളനം സമാപിച്ചു

 


കൂത്തുപറമ്പ് :മാലൂർ, ചിറ്റാരിപ്പറമ്പ് മാങ്ങാട്ടിടം പഞ്ചായത്തുകളിൽ ജൂലൈയിൽ ഉണ്ടായ പ്രളയത്തിൽ വൻ നാശം സംഭവിച്ചർക്ക് പ്രത്യേക പാക്കേജ് അംഗീകരിച്ച് അടിയന്തര സഹായംഅനുവദിക്കണമെന്ന് സിപിഐഎം കൂത്തുപറമ്പ് ഏറിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പൂർണമായും സജ്ജീകരിച്ച് ഉടൻ ഉദ്ഘാടനം ചെയ്യുക ,കൂത്തുപറമ്പ് ഹയർസെക്കന്ററി സ്കൂൾ തൊക്കിലങ്ങാടി സർക്കാർ ഏറ്റെടുക്കുക, നഗരസഭ സ്റ്റേഡിയം പൂർണ്ണമായും നഗരസഭയ്ക്ക് വിട്ടു നൽകുക, കൂത്തുപറമ്പ് റിംഗ് റോഡ് നിർമ്മാണം ഒന്നാംഘട്ടം പൂർത്തിയാക്കുകയും രണ്ടാംഘട്ടത്തിന് പണം അനുവദിക്കുകയും ചെയ്യുക , നിർദ്ദിഷ്ട കുറ്റ്യാടി-മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കുക, കൂത്തുപറമ്പ് നഗരസഭാബസ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കുക, റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, അഞ്ചരക്കണ്ടി പുഴയിൽ അടിഞ്ഞുകൂടിയ എക്കലും മരങ്ങളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മാനന്തവാടി-ശിവപുരം - മട്ടന്നൂർ എയർപോർട്ട് റോഡ് പ്രവർത്തിആരംഭിക്കുക, വലിയവെളിച്ചം വ്യവസായ വികസന കേന്ദ്രം വിപുലീകരിച്ച് മികവിന്റെ കേന്ദ്രമാക്കുന്നതോടൊപ്പം ടൗൺഷിപ്പായി ഉയർത്തുക, മുനിസിപ്പാൽ ടൗൺ ഹാൾ നിർമ്മാണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 

16 ലോക്കൽ കമ്മറ്റികളിൽനിന്നുള്ള  41 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി ടി ബാലൻ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി , എൻ ചന്ദ്രൻ , കെ വി സുമേഷ്, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ , പി ഹരീന്ദ്രൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനജ്ഞയൻ , വികെ സനോജ് എന്നിവർ സംസാരിച്ചു. ചീരാറ്റ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും,പ്രകടനവും നടന്നു.

 ചെറുവാഞ്ചേരി ടൗണിലെ സീതാറാം യെച്ചൂരി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനം ചെയ്തു. ഏറിയ സെക്രട്ടറി എം സുകുമാരൻ അധ്യക്ഷനായി. എംവി ജയരാജൻ, പി ജയരാജൻ, വത്സൻ പനോളി , എം സുരേന്ദ്രൻ ,കെ ധനഞ്ജയൻ , എ അശോകൻ , എൻ സ്വരാജ് എന്നിവർ സംസാരിച്ചു. അലോഷി പാടുന്നു കലാപരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ