ഇരിട്ടി: കരട് വിജ്ഞാപന പ്രകാരമു ഉള്ള തില്ലങ്കേരിയിലെ വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് യുഡിഎഫ് തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വാസ ഗൃഹങ്ങളും കെട്ടിടങ്ങളുടെ എണ്ണവും പെരുപ്പിച്ച് കാണിച്ച് വായനശാലകൾ, ക്ലബുകൾ, കച്ചവട സ്ഥാപനങ്ങൾ, സ്‌കൂളുകൾ, അംഗൺവാടി, പാർട്ടി ഓഫീസ്, തുടങ്ങിയവയെല്ലാം വാസ ഗൃഹങ്ങളായി കാണിച്ചിട്ടാണ് പ്രസിദ്ധികരിച്ചത്. പ്രകൃതിദത്തമായ അതിരുകൾക്ക് പകരം സാങ്കൽപ്പിക അതിരുകൾ കാണിച്ചാണ് പല വാർഡുകളും വിഭജിച്ചിരിക്കുന്നത്.
സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണ സമിതി സമർപ്പിച്ച രൂപരേഖ അതുപോലെ പഞ്ചായത്ത് സെക്രട്ടറി വാർഡ് വിഭജന റിപ്പോർട്ടായി ഡിലിമിറ്റേഷൻ സമിതിക്ക് നൽകുകയാണ് ചെയ്തത്.
ശാസ്ത്രിയമായ വിഭജനം നടത്താതെ വികലവും മാനദണ്ഡങ്ങൾക്ക് വിരുദ്ധവും രാഷ്ട്രീയ നേട്ടം മാത്രം ഉന്നം വെച്ചുമുള്ള വാർഡ് വിഭജനത്തിൽ യു ഡി എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഗേഷ് തില്ലങ്കേരി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ പി അഷറഫ് മാസ്റ്റർ, യു ഡി എഫ് നേതാക്കളായ പി നിധീഷ്, എ കൃഷ്ണൻ, കെ പി പത്മനാഭൻ , വി മോഹനൻ, കെ വി അലി, പി പി ഷൗക്കത്തലി, എം മോഹനൻ, ടി സലീം, യു സി നാരായണൻ, ടി മുനീർ, സി വി അപ്പു, റാഫി തില്ലങ്കേരി, പി വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.