പട്ടുവം: പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി രാജൻ്റെ വീടിനു സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറിലാണ് കാട്ടുപന്നി വീണത്. നാലര അടി ആഴമുള്ള കിണറ്റിൽ നാല്പത് കിലോ തൂക്കമുള്ള മൂന്ന് വയസ് പ്രായമുള്ള പെൺ കാട്ടു പന്നിയാണ് വീണത്.
പഴയങ്ങാടിയിലെ കൊടിയിൽ ഹംസയുടെ കൈവശമുള്ള പറമ്പിലെ കിണറാണിത്. ചൊവ്വാഴ്ച പുലർച്ചെ കിണറിൽ നിന്നും ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത് കണ്ടത്.
നട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റർ പി.രതീശൻ്റെ നിർദ്ദേശ പ്രകാരം സ്പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി പി രാജീവൻ, ഫോറസ്റ്റ് വാച്ചർമാരായ ഷാജി ബക്കളം, കെ ജെ പാട്രിക്ക് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഉത്തരവ് പ്രകാരം സ്ഥലത്തെത്തിയ എം പാനൽ ഷൂട്ടർ പി പി പ്രദീഷ് കാട്ടുപന്നിയെ വെടി വെച്ച് കൊന്നു .
കൊല്ലപ്പെട്ട കാട്ടുപന്നിയെ കുഴിയെടുത്ത് ശാസ്ത്രിയമായ രീതിയിൽ സംസ്ക്കരിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
രണ്ട് മാസം മുമ്പും ആൾമറയില്ലാത്ത ഈ കിണറ്റിൽ കാട്ടുപന്നി അകപ്പെട്ടിരുന്നു. കണ്ണൂരിൻ്റ നെല്ലറയായ പട്ടുവത്ത് പച്ചക്കറി, നെൽകൃഷികൾ എന്നിവ വ്യാപകമായി കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ച് വരികയാണ്.
ഇതു കാരണം കാർഷകർ കടുത്ത ദുരിതത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലുമാണ്.
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യ ജീവികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ സർക്കാരിൽ നിന്നുo അടിയന്തര ഇടപെടുലുകൾ ഉണ്ടാകണമെന്ന് പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി രാജൻ അഭിപ്രായപ്പെട്ടു .