ഇരിട്ടി: മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുക്ക് നിലച്ചതോടെ പയഞ്ചേരിത്തോട് ദുര്‍ഗന്ധ പൂരിതമായി. ഇതോടെ മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെ പ്രദേശ വാസികള്‍ക്ക് ദുരിതമായി മാറുകയാണ് ഈ തോട്.
മഴക്കാലത്ത് തോട്ടില്‍ വെള്ളം കവിഞ്ഞൊഴുകിയയാണ് നാശം വിതക്കുന്നതെങ്കില്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞു ഒഴുക്ക് തടസപ്പെട്ട് ദുര്‍ഗന്ധം പരത്തുന്നതാണ് പ്രദേശ വാസികളെ കഷ്‌ടത്തിലാക്കുന്നത്.
മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ മേഖലയിലെ കെട്ടിടത്തിലേക്ക് വെള്ളം കയറുന്നത് പതിവാണ്. ഇത്തവണ മഴക്കാലത്ത് നാലു തവണയാണ് തോട്ടില്‍ നിന്നും ചെളി വെള്ളവും മാലിന്യവും ബ്ലോക്ക് പഞ്ചായത്തിനുള്ളിലേക്ക് കയറിയത്. മഴ മാറി നിന്നതോടെ വെള്ളകെട്ട് ഭീഷണി ഒഴിവായെങ്കിലും ഇപ്പോള്‍ മാലിന്യ പ്രശ്‌നമാണ് പ്രദേശ വാസികളെ അലട്ടുന്നത്.
പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ച് പദ്ധതി പ്രദേശത്തേക്ക് വെള്ളം കയറിയതോടെ തോട്ടിലേക്കും വെള്ളം കയറി ഒഴുക്ക് തടസപ്പെട്ടതാണ് മലിന ജലം കെട്ടിക്കിടക്കുന്നതിനിടയാക്കുന്നത്. ഇരിട്ടി ഉപ ജില്ലാ ഓഫീസ് കെട്ടിടത്തിന് മുന്നിലൂടെയാണ് തോട് ഒഴുകുന്നത്. പുഴയിലേക്ക് ഒഴുകുന്ന തോട്ടിലേക്ക് പുഴയില്‍ നിന്നും വെള്ളം കയറിയതോടെ മലിന ജലം മുഴുവന്‍ എ.ഇ.ഒ. ഓഫീസിന് മുന്നിലാണ് കെട്ടിക്കിടക്കുന്നത്.
മലിന ജലത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം നിരവധി ജീവനക്കാരുള്ള എ.ഇ.ഒ. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയാണ് സംജാതമായിരിക്കുന്നത്. എ.ഇ.ഒ. ഓഫീസിലെ കിണര്‍ വെള്ളത്തിലേക്കും മലിന്യം കലര്‍ന്നതോടെ കിണര്‍ ജലം കുടിക്കാന്‍ പറ്റാത്ത നിലയിലായി. മലിന ജലത്തില്‍ നിന്നുള്ള ദുര്‍ഗന്ധത്തിന് പുറമെ മേഖലയില്‍ കൊതുക് ശല്യവും രൂക്ഷമാണ്.
ഇതെല്ലാമായിട്ടും തോട് നവീകരണത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കയ്യേറ്റവും മാലിന്യം അടിഞ്ഞും വീതിയും ആഴവും കുറഞ്ഞ് സ്വഭാവിക ഒഴുക്ക് തന്നെ തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പയഞ്ചേരി തോടിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം തോട്ടില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. തോട്ടില്‍ നിന്നും പുഴയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാലിന്യവും ചെളിയും അടിഞ്ഞാണ് ഒഴുക്ക് നിലച്ചിരിക്കുന്നത്.
മലിന ജലം ഒരേ സ്‌ഥലത്ത് ദീര്‍ഘകാലം കെട്ടിക്കിടന്നത് മൂലം പ്രദേശത്തെ കിണറുകളും മലിനമാകുകയാണ്. പ്രശ്‌നം പ്രദേശവാസികള്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പഴശ്ശി ജലസേചന വിഭാഗത്തിന്റെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാകണം.
എത്രയും പെട്ടെന്ന് തോട്ടില്‍ അടിഞ്ഞ ചെളിയും മലിന്യങ്ങളും നീക്കം ചെയ്‌തില്ലെങ്കില്‍ വരും നാളുകളിലും മേഖലയിലെ വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും രൂക്ഷമായി മാറും.