Zygo-Ad

മാനന്തവാടി -മട്ടന്നൂര്‍ നാലുവരിപ്പാത;ഇന്നു മുതൽ പൊതു തെളിവെടുപ്പ് നടത്തും


കൊട്ടിയൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള സാമൂഹിക പ്രത്യാഘാത പഠനം പൂർത്തിയായി.

പഠനം സംബന്ധിച്ച്‌ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്തു മുതല്‍ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള പ്രദേശങ്ങളിലെ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെടുന്നവരുടെ പൊതു തെളിവെടുപ്പ് ഇന്നു മുതല്‍ 24 വരെ നടക്കും.

മാനന്തവാടി - ബോയ്സ് ടൗണ്‍ -പേരാവൂർ - ശിവപുരം - മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുടെ നിർമ്മാണത്തിനായി സ്ഥലമോ കെട്ടിടങ്ങളോ വിട്ടു നല്‍കുന്നവരില്‍ നിന്നാണ് പൊതു തെളിവെടുപ്പ് നടത്തുക. കോഴിക്കോട് തിക്കോടിയിലെ സ്വകാര്യ കണ്‍സള്‍ട്ടൻസിയാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തിയത്.

ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി വില്ലേജുകളിലെയും തലശ്ശേരി താലൂക്കിലെ തോലമ്പ്ര, ശിവപുരം വില്ലേജുകളിലും ഉള്‍പ്പെട്ട 84.906 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഭൂമിയോ കെട്ടിടമോ നഷ്ടപ്പെടുന്നവർക്കും പൊതു ജനങ്ങള്‍ക്കും സംഘടനകള്‍ക്കും പൊതു തെളിവെടുപ്പില്‍ നിർദ്ദേർശങ്ങളും പരാതികളും എഴുതി നല്‍കാം.

ഇപ്രകാരം ലഭിക്കുന്ന നിർദ്ദേശങ്ങളും പരാതികളും ഉന്നതാധികാര സമിതി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. അന്തിമ റിപ്പോർട്ടിന് അംഗീകാരം ലഭിച്ച ശേഷം 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഇതിനു ശേഷം റവന്യു, വനം, പൊതുമരാമത്ത്, ജല വിതരണം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്ന ഭൂമിയിലെത്തി നഷ്ട പരിഹാര കണക്കുകള്‍ തയ്യാറാക്കും.


പൊതു തെളിവെടുപ്പ് നടക്കുന്ന ദിവസം, സമയം, സ്ഥലം, വാർഡുകള്‍


• ഇന്ന് 10.30 മുതല്‍ കൊട്ടിയൂർ പഞ്ചായത്ത് ഹാള്‍ -വാർഡ് 6, 7, 8, 9, 10. 2.30 മുതല്‍ 11, 12, 13, 14.

• നാളെ 10.30 മുതല്‍ കേളകം വ്യാപാരഭവൻ ഹാള്‍ - വാർഡ് 10,12,13. 2.30 മുതല്‍ കണിച്ചാർ പഞ്ചായത്ത് ഹാള്‍ - വാർഡ് 2,3,5,12.

• 18-ന് 10.30 മുതല്‍ പേരാവൂർ റോബിൻസ് പാർട്ടി ഹാള്‍ - വാർഡ് 4,6, 11,12. 2.30 മുതല്‍ 14, 15,16.

• 23ന് 10.30 മുതല്‍ മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയം - വാർഡ് 1, 2, 3, 4,5. 2.30 മുതല്‍ വാർഡ് 6,7,8. 

• 24-ന് 10.30 മുതല്‍ വാർഡ് 9,14,15.

• 24ന് 2.30 മുതല്‍ മട്ടന്നൂർ മുനിസിപ്പല്‍ ഹാള്‍ - വാർഡ് 14,15,25.

വളരെ പുതിയ വളരെ പഴയ