പിണറായി: നാടിന്റെ ചിരകാല സ്വപ്നമായ പാലം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കോളാട്, മേലൂർ നിവാസികൾ. പിണറായി പഞ്ചായത്തിനേയും ധർമ്മടം പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതിന് പുതുതായി നിർമ്മിച്ച കോളാട് പാലം 25 ന് പകൽ 12.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
കോളാട് - മേലൂർ പ്രദേശത്തുകാരുടെ അവിശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പുതിയ കോളാട് പാലം പൂർത്തിയായത്. കടത്തു തോണിയെ ആശ്രയിച്ചുള്ള നാട്ടുകാരുടെ യാത്ര മഴക്കാലം കലുഷിതമായാൽ ദുഷ്കരമായിരുന്നു. അങ്ങനെ മരപ്പാലം നിർമ്മാണമെന്ന ആശയം രൂപപ്പെടുകയും പൊതു പിരിവിലൂടെ തുക സമാഹരിച്ച് 55 വർഷം മുൻപ് മരപ്പാലം നിർമിച്ചു. നിരന്തരമായി മഴയും വെയിലും കൊണ്ട പാലം വർഷങ്ങൾക്ക് ശേഷം നശിച്ചു. ഓരോ വർഷവും തെങ്ങുകൾ സംഘടിപ്പിച്ച് പാലം നന്നാക്കൽ നാട്ടുകാർക്ക് വലിയ ബാധ്യത ഉണ്ടാക്കി. അതോടെ പുതിയ കോൺക്രീറ്റ് നടപ്പാലം വേണമെന്ന് ആവശ്യമുയർന്നു. കൂത്തുപറമ്പിൽ കെ പി മമ്മുമാസ്റ്റർ എം എൽ എ ആയപ്പോൾ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമഫലമായി കോളാട് കോൺക്രീറ്റ് നടപ്പാത പാസായി. എന്നാൽ ചെറു വാഹനങ്ങൾ പോകുന്ന പാലമാക്കി മാറ്റണമെന്ന ആവശ്യം പിണറായി വിജയനു മുന്നിൽ നാട്ടുകാർ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ ഇടപെടലിൽ ചെറു വാഹനങ്ങൾ കടന്നുപോകുന്ന പാലം നിർമ്മിച്ചു. തലശ്ശേരി, മേലൂർ, കള്ള് ഷാപ്പ്, കോളാട് വഴി മമ്പറത്തേക്ക് ഒരു ബസ് സർവീസ് എന്ന ആശയം രൂപപ്പെടുകയും അതിന് ബസ് ഉടമ തയ്യാറാവുകയും ചെയ്തു. പക്ഷേ അവിടെയും പ്രതിസന്ധി ഉണ്ടായി. കോളാട് പാലത്തിലൂടെ മിനി ബസ് പോകുമെങ്കിലും ചെറുവാഹനങ്ങൾ മാത്രമേ പോകാൻ അധികൃതർ സമ്മതിച്ചുള്ളൂ. അതോടെ ബസിന് കോളാട് പാലം വരെ മാത്രം പെർമിറ്റ് ലഭിച്ചു. ക്രമേണെ ഒരു വലിയ പാലം വേണമെന്ന ആവശ്യം ശക്തിപ്പെട്ടെങ്കിലും പിണറായി വിജയൻ കേരളത്തിലെ മുഖ്യമന്ത്രിയായി വന്നതോടെയാണ് യാഥാർത്ഥ്യമായത്.
2019 ലെ ബഡ്ജറ്റിൽ പാലത്തിന് തുക നീക്കിവെച്ചു. പല വൈദരണികളും കടന്ന് പാലം യാഥാർത്ഥ്യമായി. പതിമൂന്നു കോടി രൂപ ചെലവിൽ 11 മീറ്റർ വീതിയിലും 160 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിച്ചത്. പാറപ്രം ഭാഗത്തേക്ക് കൂടി കടന്നുപോകുന്നതിനാൽ വൈ (Y) മോഡലിലാണ് പാലം നിർമ്മിച്ചത്. പൊതുജനങ്ങൾക്ക് പുറമെ ധാരാളം വിദ്യാർത്ഥികളും തൊഴിലാളികളും ഈ പാലത്തെ ആശ്രയിക്കുന്നു. ഗവ. ബ്രണ്ണൻ കോളേജ്, യൂണിവേഴ്സിറ്റി സെന്റർ, പാലയാട് ലീഗൽ സ്റ്റഡി സെന്റർ, അസാപ്പ്, പാലയാട് ഡയറ്റ്, ജി എച്ച് എസ് എസ് പാലയാട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുഴപ്പിലങ്ങാട് ബീച്ച്, എജുക്കേഷൻ ഹബ്ബ്, ഹൈടെക് വീവിങ് മിൽ, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ പ്രദേശക്കാർക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കും