Zygo-Ad

ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളാനെത്തി; ലോറി നാട്ടുകാര്‍ പിടികൂടി

 


തളിപ്പറമ്പ്: ദേശീയപാത ബൈപാസ് നിർമാണത്തിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി ആക്ഷേപം.

മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയാണ് തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും കഴിഞ്ഞ ദിവസം ടാങ്കർ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം കുറ്റിക്കോല്‍, കൂവോട് തുരുത്തിയില്‍ സ്വകാര്യ സ്ഥലത്ത് തള്ളാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ലോറി പിടികൂടി പൊലീസിന് കൈമാറി. 

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കുറ്റിക്കോല്‍, കൂവോട് തുരുത്തി ഭാഗങ്ങളില്‍ ബൈപാസ് നിർമാണം നടക്കുന്നതിനടുത്താണ് മാലിന്യം തള്ളാൻ ശ്രമിച്ചത്. സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. 

ബൈപാസിനടുത്ത് സ്റ്റേഡിയത്തില്‍ കമ്പവലി മത്സരം നടക്കുന്നതിനിടയില്‍ കുട്ടികളാണ് സംഭവം കണ്ടത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളാൻ ശ്രമിച്ചത്. 

ഒരു മാസക്കാലമായി ബൈപാസ് കേന്ദ്രീകരിച്ച്‌ മാലിന്യം തള്ളുന്നുണ്ട്. നിലവില്‍ നിർമാണം നടക്കുന്നതിനാല്‍ ഇവിടെ ആള്‍ക്കാർ വരുന്നത് വിരളമാണ്. ഇതിന്റെ മറവിലാണ് മാലിന്യം തള്ളുന്നത്.

 നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. 

കക്കൂസ് മാലിന്യം കിണറുകളിലും ജലാശയങ്ങളിലും കലർന്ന് കുടിവെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 

അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാരെ ദ്രോഹിക്കാതെ കക്കൂസ് മാലിന്യം മറവ് ചെയ്യാൻ ബദല്‍ സംവിധാനം മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ഭാഗത്തു നിന്ന് ഒരുക്കണമെന്നും വാർഡ് കൗണ്‍സിലർ വിജയൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ