കണ്ണൂര്‍: കണ്ണൂർ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി വിട്ടു കൊടുത്തവർക്ക് നഷ്ട പരിഹാരം വൈകുന്നതിനിടെ, ഏറ്റെടുക്കല്‍ നടപടികള്‍ക്കായുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാർ ഓഫീസിന്‍റെ സ്ഥിതിയും പരമ ദയനീയം.
കടലാസ് വാങ്ങാൻ പോലും പണമില്ലാത്ത ഓഫീസില്‍ ദിവസക്കൂലിക്കാർക്ക് ശമ്പളം നല്‍കിയിട്ടും മാസങ്ങളായി. വിമാനത്താവള എംഡിയുടെ വേതനം സർക്കാർ ലക്ഷങ്ങള്‍ കൂട്ടിയപ്പോഴാണ് ഈ അവഗണന.
ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി എട്ടു വര്‍ഷം പിന്നിട്ടിട്ടും കീഴല്ലൂരില്‍ ഭൂമി ബാധ്യതയായി കുരുക്കിലായ 210 കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇവര്‍ക്ക് നഷ്ട പരിഹാരമായി നല്‍കാൻ ഏറ്റവും കുറഞ്ഞത് 900 കോടിയെങ്കിലും വേണം.
നഷ്ട പരിഹാര തുക നല്‍കുമെന്ന് ആവര്‍ത്തിക്കുന്ന സര്‍കാര്‍ ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച സര്‍ക്കാര്‍ ഓഫീസിനെ പോലും തിരിഞ്ഞു നോക്കത്ത സ്ഥിതിയാണ്. മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസാണ് പണം അനുവദിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്.
പ്രതിസന്ധി ചൂണ്ടികാണിച്ച് കഴിഞ്ഞ മാസം 27ന് തഹസില്‍ദാര്‍ കിൻഫ്ര എംഡിക്ക് കത്തയച്ചിരുന്നു. എന്നാല്‍, യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. 2023 മെയ് അഞ്ച് മുതല്‍ ഓഫീസില്‍ സ്വീപ്പർ തസ്തികയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ശമ്പള കുടിശ്ശികയായി 1.80 ലക്ഷം രൂപയാണ് നല്‍കാനുള്ളത്.
ഓഫീസിലെ വാഹന വാടക കുടിശ്ശിക 7.65 ലക്ഷം രൂപയും ബാധ്യതയായി നിലനില്‍ക്കുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വാടകയിനത്തില്‍ 87000 രൂപയും നല്‍കാനുണ്ട്.
കെഎസ്‌ഇബിക്ക് 26000 രൂപയും കാട് വെട്ടിത്തെളിക്കാൻ ചെലവാക്കിയ പതിനായിരം രൂപയും പോലും ഇതു വരെ നല്‍കിയിട്ടില്ല. കോടതികളില്‍ രേഖകള്‍ സമർപ്പിക്കാൻ ഫോട്ടോ കോപ്പി പേപ്പർ പോലുമില്ലെന്നും അടിയന്തരമായി അനുവദിക്കണമെന്നും അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ കണ്ടമട്ടില്ല.
അത്രയധികം ദയനീയാവസ്ഥയിലാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം. 2023 ജൂണില്‍ ബില്ലടയ്ക്കാത്തതിനാല്‍ കെഎസ്‌ഇബി ഫ്യൂസ് ഊരിയതോടെ ഇരുട്ടിലിരുന്ന് ജീവനക്കാർ പണിയെടുക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഭൂമി വിട്ടു കൊടുത്ത സാധാരണക്കാരോടും ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഓഫീസിനോടും സര്‍ക്കാരിന് അവഗണനയെങ്കിലും കണ്ണൂർ വിമാനത്താവള കമ്പനിയോട് അങ്ങനയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കിയാലിന്‍റെ പുതിയ എംഡിക്ക് 2023 നവംബറില്‍ 38 ലക്ഷം വാർഷിക ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തുക പോരെന്ന് പറഞ്ഞ് എംഡി സര്‍ക്കാരിന് കത്തയച്ചു. തുടര്‍ന്ന് വാര്‍ഷിക ശമ്പളം 50 ലക്ഷമാക്കി ഏഴു മാസത്തിനുള്ളില്‍ ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
നഷ്ട പരിഹാര തുക നല്‍കുന്നതിലും ഓഫീസിന്‍റെ പ്രവര്‍ത്തനത്തിനുള്ള തുക അനുവദിക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ ദുരിതത്തിലാവുന്നത് ഉദ്യോഗസ്ഥരും ഭൂമി നഷ്ടമാകുന്നവരുമാണ്.