മട്ടന്നൂർ :- മട്ടന്നൂരിൽ 220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ.നിഷാദാ(21)ണ് പിടിയിലായത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് 55 കുപ്പികളിലാക്കി സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. വിൽപനയ്ക്ക്തായി ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന്* പോലീസ് പറഞ്ഞു.
മട്ടന്നൂർ ഇൻസ്പെക്‌ടർ എം.അനിൽ, എസ്ഐ സി.പി ലിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിച്ചത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിഷാദിന്റെ പേരിൽ കേസുള്ളതായി പോലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.