ഇരിട്ടി:ആറളത്ത് ആനമതില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആന പ്രതിരോധ മതിലിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ കരാറുകാര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാട്ടാനകള്‍ തമ്പടിക്കുന്ന അടിക്കാടുകള്‍ വെട്ടിത്തെളിക്കാനുള്ള പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറളം ഫാം ഓഫീസില്‍ ജനപ്രതിനിധികളും കലക്ടറും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
അടിക്കാടുകള്‍ വെട്ടാനുള്ള പദ്ധതി തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇരിട്ടി ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപറമ്പില്‍, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാരാഘവന്‍, കൊട്ടിയൂര്‍ റേഞ്ച് ഓഫീസര്‍ പ്രസാദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സനില, ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ ജി പ്രദീപ്, ആറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.