കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 50 ശതമാനം സംവരണം നിലവിൽ വന്നപ്പോൾ മുസ്ലിം ലീഗ് എങ്ങനെ വനിതാ പ്രതിനിധികളെ കണ്ടെത്തും എന്ന ചോദ്യത്തിനുള്ള ശക്തമായ മറുപടിയാവുകയാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ വനിതാ ലീഗ് പ്രവർത്തകർ. പൊതുരംഗത്ത് മുദ്രകുത്തപ്പെട്ട പരിമിതികളെ അതിജീവിച്ച് 23 വനിതാ പ്രതിനിധികളാണ് ഇന്ന് മണ്ഡലത്തിലെ വിവിധ ഭരണകൂടങ്ങളുടെ ഭാഗമായിരിക്കുന്നത്.
പാനൂർ നഗരസഭയുടെയും കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെയും പ്രഥമ പൗരന്മാരായി (അധ്യക്ഷരായി) ജനങ്ങളെ നയിക്കുന്ന തലത്തിലേക്ക് വനിതാ ലീഗ് പ്രവർത്തകർ ഉയർന്നു വന്നു എന്നത് ശ്രദ്ധേയമാണ്. സി.എച്ച്. മുഹമ്മദ് കോയ വിഭാവനം ചെയ്തതുപോലെ മികച്ച വിദ്യാഭ്യാസം നേടുകയും, 'STIMS' പോലുള്ള ജീവകാരുണ്യ സംഘടനകളിലൂടെ വൊളണ്ടിയർ സേവനം നടത്തി നേടിയെടുത്ത അനുഭവപരിചയവുമാണ് ഇവരെ ഭരണരംഗത്ത് കരുത്തരാക്കിയത്.
നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി വിജയിച്ച 23 പേരും രാഷ്ട്രീയ പക്വതയോടെയാണ് പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത്. ഇടതുപക്ഷത്തിന് വലിയ ആധിപത്യമുള്ള വാർഡുകളിൽ പോലും കടുത്ത പോരാട്ടം കാഴ്ചവെക്കാൻ ഇവർക്ക് സാധിച്ചു. പാട്യം, മൊകേരി പഞ്ചായത്തുകളിലെ വിജയവും കൂത്തുപറമ്പ്, കോട്ടയം പഞ്ചായത്തുകളിലെ മികച്ച പ്രകടനവും വനിതാ ലീഗിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
