ഇരിക്കൂറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പടിയൂർ ഊരത്തൂരിൽ കശുവണ്ടി പെറുക്കാനെത്തിയ വയനാട് പേര്യ കാലിമന്ദം ഉന്നതിയിലെ രജനിയാണ്(40) മരിച്ചത്. സംഭവത്തിൽ രജനിയുടെ ഭർത്താവ് പേര്യ മടത്തിൽ ഉന്നതിയിലെ എ കെ ബാബുവിനെ(41) പോലീസ് അറസ്റ്റ് ചെയ്തു
രജനിയുടെ ശരീരത്തിൽ പതിമൂന്നോളം പരുക്കുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചവിട്ടേറ്റ് കരളിന് ക്ഷതമേറ്റു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണ് രജനിയെ കൊലപ്പെടുത്തിയത്.
നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ബാബുവിനെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ചയാണ് രജനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇരുവരും ഊരത്തൂരിൽ എത്തിയത്.