ചക്കരക്കല്‍ : ചക്കരക്കല്‍ ടൗണ്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് മൗവ്വഞ്ചേരിയില്‍ സർവ്വേ കല്ല് സ്ഥാപിക്കാനായി എത്തിയ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂവുടമകളും തടഞ്ഞതില്‍ സംഘർഷം.
മൗവ്വഞ്ചേരിയില്‍ സർവ്വേക്കല്ല് സ്ഥാപിക്കാൻ ശനിയാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെത്തിയത്.
ഇതോടെ ചക്കരക്കല്‍ ടൗണിലെ വ്യാപാരികള്‍ സംഘടിതരായി മൗവ്വഞ്ചേരിയിലെത്തുകയായിരുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് വ്യക്തമായ സംരക്ഷണ പാക്കേജുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ കല്ലിടാൻ അനുവദിക്കുകയുള്ളുവെന്ന നിലപാട് വ്യാപാരികള്‍ സ്വീകരിച്ചതോടെ പൊലീസുമായി ഒരു മണിക്കൂറോളം വാക് തർക്കമുണ്ടായി.
ചക്കരക്കല്‍ പൊലിസ് സി.ഐ എം.പി ആസാദിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല ഇതേ തുടർന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും വനിതാ പൊലീസുകാർ ഉള്‍പ്പെടെ കൂടുതല്‍ പേരെത്തി.
വനിതകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ ബലം പ്രയോഗിച്ചു റോഡരികില്‍ നിന്നും നീക്കാൻ തുടങ്ങിയതോടെ സംഘർഷവും ഉണ്ടായി.
ഏറെ നേരത്തെ പ്രയത്നത്തെ തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ വാഹനത്തില്‍ ബലം പ്രയോഗിച്ചു കയറ്റി.
സർവ്വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ വ്യാപാരി നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കല്‍ യൂനിറ്റിൻ്റെ ആഹ്വാന പ്രകാരം ടൗണിലെ കടകള്‍ അടച്ചു പൂട്ടി വൈകിട്ട് വരെ ഹർത്താല്‍ നടത്തി.
അശാസ്ത്രീയമായി നടത്തുന്ന കുറ്റിയടിക്കലിനെതിരെ പ്രതിഷേധിച്ച അൻപതോളം വ്യാപാരികളെയാണ് പൊലീസ് അന്യായമായി അറസ്റ്റു ചെയ്തതെന്ന് നേതാക്കള്‍ ആരോപിച്ചു.
കടകളടച്ചു പണി മുടക്കിയ വ്യാപാരികള്‍ ചക്കരക്കല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.