ഇരിട്ടി :സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലില്‍ അപ്രതീക്ഷിത അതിഥി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി ഭയന്ന് സ്കൂട്ടർ സൈഡാക്കി.
പിന്നാലെ നടത്തിയ തെരച്ചിലില്‍ ഹാൻഡിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെ. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പ് കയറിയത്.
സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറില്‍ നിന്നാണ് യുവതി പാമ്പിന കണ്ടത്. ഇരിട്ടി അശോകൻസ് ഡെന്റല്‍ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയില്‍ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബില്‍ നിന്ന് അനക്കവും കയ്യില്‍ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
ഇതോടെ യാത്രക്കാരി പരിഭ്രാന്തയായെങ്കിലും സമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാല്‍ വാഹനം മറ്റ് അപകടങ്ങളില്‍ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തില്‍ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.
സമാനമായ മറ്റൊരു സംഭവത്തില്‍ നിർത്തിയിട്ട സ്‌കൂട്ടറില്‍ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാണ്‍ ദിനേശിന്റെ സ്‌കൂട്ടറിന്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്‌ഷോപ്പില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.