ഇരിട്ടി :ആനപ്പന്തി സർവിസ് സഹ.ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ പണയം വച്ച 60 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി ജീവനക്കാരൻ മുങ്ങി. കച്ചേരിക്കടവ് ശാഖയിലെ കാഷ്യർ സുധീർ തോമസ് ആണ് നിരവധി ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തു മാറ്റി പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പു നടത്തി മുങ്ങിയത്. 60 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന് സുധീർ തോമസ് മുങ്ങിയതായി ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 29ന് ബാങ്കിൽ എത്തിയ പ്രവാസിയായ ഇടപാടുകാരൻ താൻ പണയം വെച്ച സ്വർണ്ണാഭരണം തിരികെയെടുത്ത് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തനിക്ക് ബാങ്കിൽ നിന്നും ലഭിച്ചത് മുക്കുപണ്ടമാണെന്ന് മനസ്സിലാകുന്നത്. ഇതേ തുടർന്ന് ബാങ്കിൽ എത്തി ഇയാൾ പരാതി നൽകുകയായിരുന്നു. തുടർന്ന് ബാങ്ക് സെക്രട്ടറി കച്ചേരിക്കടവ് ശാഖയിലെത്തി പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് കൈയ്യോടെ പിടികൂടിയതോടെ സുധീർ തോമസ് മുങ്ങിയതായാണ് അറിയുന്നത്.