Zygo-Ad

കൂത്തുപറമ്പ് സ്വദേശിയായ യുവതി കുട്ടിയുമായി കിണറ്റില്‍ ചാടി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം, യുവതിക്കെതിരേ കേസെടുത്തു


കൂത്തുപറമ്പ്: തച്ചനാട്ടുകര കൂത്തുപറമ്പ് സ്വദേശിയായ യുവതി കുട്ടിയുമായി കിണറ്റില്‍ ചാടി. അമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

 കൂത്തുപറമ്പ് വാഴേക്കാട് വീട്ടില്‍ കാഞ്ചനയും (27) മകൻ വേദികും ആണ് കിണറ്റില്‍ വീണത്. കുട്ടി മരിച്ചു. പരിക്കുകളോടെ കാഞ്ചന ആശുപത്രിയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് ഏഴിനു ശേഷമാണ് മകൻ വേദികിനെയുമെടുത്ത് കാഞ്ചന വീട്ടു വളപ്പിലെ കിണറ്റില്‍ ചാടിയത്. ഈ സമയം കാഞ്ചനയുടെ അച്ഛൻ ചന്ദ്രൻ ഉറങ്ങുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ കാഞ്ചനയുടെ അമ്മ സുധയും മറ്റു ബന്ധുക്കളും ക്ഷേത്രത്തിലായിരുന്നു. മഴയെത്തുടർന്ന് ഇവർ ക്ഷേത്രത്തില്‍ നിന്ന് ഏഴരയോടെ മടങ്ങി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാഞ്ചനയെ കണ്ടില്ല.

കാഞ്ചനയ്ക്കായി ചന്ദ്രനും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ നാട്ടുകാരും ഓടിക്കൂടി.

കിണറിൻറെ പൈപ്പ് ഇളകുന്നതു കണ്ടാണ് കാഞ്ചനയും കുട്ടിയും കിണറ്റിലകപ്പെട്ട വിവരം അറിയുന്നത്. അഗ്നിരക്ഷാ സേനയേയും നാട്ടുകല്‍ പോലീസിനെയും വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ എത്തിയാണ് കാഞ്ചനയെയും കുട്ടിയെയും പുറത്തെത്തിച്ചത്. 

ഇരുവരെയും ആദ്യം മണ്ണാർക്കാട് വട്ടമ്പലത്തെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ രണ്ടിന് വേദിക് മരിച്ചു. കാഞ്ചനയുടെ പേരില്‍ കേസെടുത്തതായി നാട്ടുകല്‍ പോലീസ് അറിയിച്ചു.

നാലു വർഷം മുൻപാണ് മലപ്പുറം ചെമ്മാനിയോട് സ്വദേശി ഷിജുവുമായി കാഞ്ചനയുടെ വിവാഹം കഴിഞ്ഞത്. നാലു മാസം മുൻപാണ് കാഞ്ചന ഭർത്താവിന്റെ വീട്ടില്‍ നിന്ന് കൂത്തുപറമ്പിലെത്തിയത്.

വളരെ പുതിയ വളരെ പഴയ