Zygo-Ad

കണ്ണൂരില്‍ മുണ്ടയാട് ദേശീയപാതയില്‍ കോഴിഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി


കണ്ണൂർ: മുണ്ടയാട് ആറുവരി ദേശീയപാതയില്‍ സർക്കാരിന്‍റെ പൗള്‍ട്രി ഫാമിന് മാത്രമായി അടിപ്പാത പണിത് ദേശീയപാത അതോറിറ്റി.

നിർമ്മിച്ച അടിപ്പാതയാവട്ടെ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാൻ പറ്റാത്ത നിലയില്‍ ഗെയ്റ്റ് വെച്ച്‌ പൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും അടിപ്പാത വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഒരു സ്ഥാപനത്തിന് മാത്രമായി ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്.

റീജിയണല്‍ പോള്‍ട്രി ഫാമിന് സമാന്തരമായി ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാൻ പാകത്തിനാണ് അടിപ്പാത നിര്‍മിച്ചിരിക്കുന്നത്. എന്നാലും ഇതെന്തിന് പൂട്ടിയെന്നത് ആര്‍ക്കും ഉത്തരമില്ല. 

അഞ്ഞൂറു മീറ്റർ മാറി മറുപുറം കടക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് ഇങ്ങനെയൊരു അടിപ്പാത നിര്‍മിച്ചിരിക്കുന്നതെന്നതാണ് വിചിത്രം. ജില്ലയില്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരങ്ങളടക്കം നടക്കുകയാണ്.

ഒ.കെ.യു.പി സ്കൂളിന് സമീപത്ത് അടിപ്പാതയില്ലാത്തത് കാരണം ഏഴു കിലോ മീറ്ററാണ് ബസുകള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത്. അവിടെ കടും പിടിത്തം പിടിക്കുമ്പോഴാണ് ഇവിടെ ഇങ്ങനെയൊരിളവ് എന്നതിലാണ് രൂക്ഷ വിമര്‍ശനം. 

ആവശ്യമുള്ള സ്ഥലത്ത് അടിപ്പാത നിര്‍മിക്കാതിരിക്കുകയും ആവശ്യമില്ലാത്ത സ്ഥലത്ത് അടിപ്പാത നിര്‍മിക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അടിപ്പാത പൂട്ടിയിട്ടിരിക്കുന്നതടക്കം വിചിത്രമാണെന്നമാണ് നാട്ടുകാര്‍ പറയുന്നത്.

റോഡ് നിർമാണ സമയത്ത് പോള്‍ട്രി ഫാം ആവശ്യപ്പെട്ടത് പ്രകാരം അടിപ്പാതയുണ്ടാക്കിയതെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. 

സാമൂഹിക വിരുദ്ധരുടെ താവളമാകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നും ന്യായം. പൊതുജനത്തിന് ഉപയോഗിക്കാൻ ഇന്നല്ലെങ്കില്‍ നാളെ തുറന്നു നല്‍കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

വളരെ പുതിയ വളരെ പഴയ