കൂത്തുപറമ്പ്: കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേയിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് കൂത്തുപറമ്പ് നഗരസഭ.
കഴിഞ്ഞ തവണ ദേശീയ റാങ്കിങ്ങിൽ 3223-ാം സ്ഥാനത്തായിരുന്ന നഗരസഭ ഇത്തവണ 225-ാം സ്ഥാനത്തേക്കു കുതിച്ചുയർന്നതിനൊപ്പം സംസ്ഥാന തലത്തിൽ പതിമൂന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും കൈവരിച്ചു.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച മുന്നേറ്റമാണ് കൂത്തുപറമ്പ് നഗരസഭ ഇത്തവണ കാഴ്ച വച്ചത്. ഒഡിഎഫ് പ്ലസ് സർട്ടിഫിക്കറ്റും നിലനിർത്തി.
കൃത്യമായ ആസൂത്രണം, കൂട്ടായ പ്രവർത്തനം, മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ, പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ, ശേഷി വികസന പ്രവർത്തനങ്ങൾ, നൂതന മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ കൂത്തുപറമ്പ് നഗരസഭയെ ഈ നേട്ടത്തിലേക്കു നയിച്ചു.
മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന എംസിഎഫ്. ആർആർ എഫ്, വിൻഡ്രോ കമ്പോസ്റ്റ്, കരി യില കമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ്, സി ആൻഡ് ഡി പ്രൊസസിങ് പ്ലാന്റ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ നൽകിയിട്ടുണ്ട്.
ക്ലീനിങ് ഡ്രൈവുകൾ, ചെറുപട്ടണങ്ങളിലടക്കം നഗര സൗന്ദര്യവൽക്കരണം, പൊതു ശൗചാലയങ്ങളുടെ വൃത്തി, ഡിജിറ്റൽ ഫീഡ്ബാക്ക് ക്രമീകരണം, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി.
ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ നഗരസഭയ്ക്ക് സാധിച്ചതെന്ന് ചെയർമാൻ വി.സുജാത പറഞ്ഞു.