കൂത്തുപറമ്പ് മണ്ഡലത്തിലെ പൊതുമരാമത്ത്-ജലജീവൻമിഷൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കെ.പി മോഹനൻ എംഎൽഎ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി.
പുത്തൂർ പോസ്റ്റാഫീസ്-കൈവേലിക്കൽ- നിള്ളങ്ങൽ-മുളിയാത്തോട് റോഡിൽ ജലജീവൻ മിഷൻ പ്രവൃത്തിക്ക് കുഴിയെടുത്ത ഭാഗം പൂർണമായും നികത്തി നൽകാനും റോഡ് നവീകരണ പ്രവൃത്തിക്കുള്ള റീ-ടെണ്ടർ നടപടി വേഗത്തിലാക്കാനും നോഡൽ ഓഫീസർ കെ.യു സുജീഷിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം മേഖലകളിലെ റോഡരികിൽ ജലജീവൻ പദ്ധതിക്കായി കുഴിയെടുത്തത് വാഹനാപകടങ്ങൾക്ക് കാരണമാവുന്ന സാഹചര്യത്തിൽ മഴ മാറിയാലുടൻ അടിയന്തിര അറ്റകുറ്റപ്പണി നടത്തും.
പാനൂരിലെ അഗ്നിരക്ഷാ നിലയത്തിന്റെ നിർമാണം ഒക്ടോബറിലും രജിസ്റ്റർ ഓഫീസ് കെട്ടിട നിർമാണം നവംബറിലും പൂർത്തിയാക്കും. പെരിങ്ങളം പി എച്ച് സിയുടെ പുതിയ കെട്ടിടത്തിൽ മഴവെള്ളം ഇറങ്ങുന്നത് രണ്ടാഴ്ചക്കകം പരിഹരിക്കും.
വടക്കേ പൊയിലൂർ-കുഴിക്കൽ-സെൻട്രൽ പൊയിലൂർ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്കുള്ള സാങ്കേതികാനുമതി ലഭ്യമാക്കി ഉടൻ ടെണ്ടർ നടപടി സ്വീകരിക്കുമെന്ന് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷീല ചോരൻ അറിയിച്ചു. തൂവ്വക്കുന്ന്-വിളക്കോട്ടൂർ റോഡ് ടാറിങ്ങ് പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കടവത്തൂർ-മുണ്ടത്തോട് റോഡ് നവീകരണ പ്രവൃത്തി മഴ മാറിയാലുടൻ ആരംഭിക്കും. മുളിയാത്തോട് പുതിയ പാലം നിർമ്മാണത്തിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൂത്തുപറമ്പിൽ അഗ്നിരക്ഷാ നിലയം, എഇഒ ഓഫീസ് എന്നിവയുടെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഭരണാനുമതിക്കായി അടങ്കൽ സമർപ്പിച്ചതായി കെട്ടിടവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ബി ലജീഷ് കുമാർ അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമായാലുടൻ കൂത്തുപറമ്പ് ജെൻഡർ കോംപ്ലക്‌സ് നിർമ്മാണ പ്രവൃത്തി ആരംഭിക്കാനാവും.
കരിയാട് തുരുത്തി മുക്ക് പാലം പ്രവൃത്തി റീ-ടെണ്ടർ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണ്..
ജലജീവൻ മിഷൻ പദ്ധതിയിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ 42 ശതമാനവും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ 73 ശതമാനവും മൊകേരി പഞ്ചായത്തിൽ 50 ശതമാനവും പ്രവൃത്തികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മട്ടന്നൂർ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.വി നൗഫൽ അറിയിച്ചു. കിഫ്ബിയുടെ ഭാഗമായുള്ള സംയോജിത കുടിവെള്ള പദ്ധതിക്കായി കരിയാട് പ്രഭാവതിക്കുന്നിലും കനകമലയിലും ടാങ്ക് നിർമ്മാണത്തിന് ഊരാളുങ്കൽ സൊസൈറ്റിയുമായി കരാറായിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റോഡ് അറ്റകുറ്റപ്പണി വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഡി ബിന്ധ്യ, ജലവിഭവ വകുപ്പ് മട്ടന്നൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാന്റി ജോസഫ്, തലശ്ശേരി എഇഇ ജി.ഡി ജ്യോതികുമാർ, വിവിധ അസി. എഞ്ചിനീയർമാർ, ഓവർസിയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.