ഇരിട്ടി: സംസ്ഥാനത്താകെ പത്തു വർഷത്തിനകം വിവിധ രാജ്യങ്ങളിലേക്കുള്ള ഇരുന്നൂറിലേറെ വീസ തട്ടിപ്പുകള്‍ നടത്തി മുങ്ങിയ പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പാലക്കോട് പുന്നപ്പാല സ്വദേശി ചെണ്ടമൻകുളത്തില്‍ സി.കെ. അനീസിനെയാണ് (39) ആറളം പോലീസ് അതിസാഹസികമായി ബംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്.
യൂറോപ്പ് ഉള്‍പ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടി മുങ്ങിയ പ്രതി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഫ്ലാറ്റുകളില്‍ ആഢംബര ജീവിതം നയിക്കുകയായിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ നിന്ന് പരിചയപ്പെട്ട യുവതിയുമായി പഞ്ചാബിലെ ജലന്ധറില്‍ ഒന്നരക്കോടിയുടെ ആഡംബര വീട് വാങ്ങിയായിരുന്നു താമസം.
ബംഗളൂരുവിന് പുറമെ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ താമസിച്ചായിരുന്നു തട്ടിപ്പുകള്‍ തുടർന്നത്.
ആദ്യം ഗള്‍ഫ് രാജ്യങ്ങളിലേക്കും പിന്നീട് യൂറോപ്പ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കും വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുകയായിരുന്നു. ഓരോ സ്ഥലം കേന്ദ്രീകരിച്ചും വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയ ശേഷം സുരക്ഷിത താവളങ്ങളിലേക്ക് മുങ്ങുകയാണ് ഇയാളുടെ രീതി.
കീഴ്പള്ളി പുതിയങ്ങാടി സ്വദേശി മുഹമ്മദ് അജ്സല്‍ ആറളം പോലീസില്‍ നല്‍കിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നതും തട്ടിപ്പിന്‍റെ വ്യാപ്തി പോലീസ് കണ്ടെത്തുന്നതും.
മലയോര മേഖല കേന്ദ്രീകരിച്ചാണ് യൂറോപ്യൻ വീസ തട്ടിപ്പ് കൂടുതലായും നടത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പണം അയച്ചവർ പ്രതിയുടെ ഫോണിലേക്ക് അയച്ച സ്ക്രീൻ ഷോട്ടുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്.
ആറളം എസ്‌ഐ കെ.ഷോഹിബ് , സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സോജി അഗസ്റ്റിൻ, മനോജ്, സിവില്‍ പോലീസ് ഓഫീസർ അനില്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
