ഇരിട്ടി: ഇരിട്ടി മേഖലയില്‍ വ്യാപിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ ഉറവിടം ഇതുവരെ എന്തെന്ന് കണ്ടെത്താനായില്ല. വ്യാപനം ശക്തമായതോടെ ആരോഗ്യ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി.
ഇരിട്ടി നഗരസഭാ ദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളില്‍ 40 തോളം വിദ്യാർത്ഥികള്‍ക്കും അഞ്ചിലധികം അധ്യാപകർക്കും രോഗം പിടിപ്പെട്ടു.
സ്കൂള്‍ കിണറില്‍ നിന്നുള്ള വെള്ളമാണ് രോഗ കാരണമെന്ന നിഗമനം ശക്തമായിരുന്നെങ്കിലും വെള്ളത്തിൻ്റെ പരിശോധനാ ഫലം വന്നതോടെ രോഗവ്യാപനം വെള്ളമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.
മറ്റ് മേഖലകളില്‍ നിന്നാണ് രോഗം പടർന്നതെന്ന നിഗമനത്തെ തുടർന്ന് പായം, ഇരിട്ടി നരസഭാ പ്രദേശങ്ങളില്‍ പരിരോധന ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ തട്ടുകടകളും ഹോട്ടലുകളും പരിശോധിച്ചു.
വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഇരിട്ടി ക്ലീൻസിറ്റി മാനേജർ കെ .വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരിട്ടി സ്കൂളില്‍ ഉള്‍പ്പെടെ മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തില്‍ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ടൗണിലും പരിശോധന വ്യാപിപ്പിച്ചത്.
ഹോട്ടലുകളിലേക്കും തട്ട് കടകളിലേക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകളുടെ വെള്ളം പരിശോധന സർട്ടിഫിക്കറ്റുകളും തൊഴിലാളികളുടെ ഹെല്‍ത്ത് കാർഡുകളും പരിശോധിച്ചു.
പലയിടങ്ങളിലും പോരായ്മകള്‍ കണ്ടെത്തിയതോടെ അത് പരിഹരിക്കാൻ ആരോഗ്യ വിഭാഗം നിർദേശം നല്‍കി.
ജബ്ബാർ കടവില്‍ പുഴയിലേക്ക് മാലിന്യം തള്ളാൻ എത്തിയ ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടിച്ചു വച്ചെങ്കിലും ആരോഗ്യ വിഭാഗം അധികൃതർ എത്തുമ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
വരും ദിവസങ്ങളിലും ആരോഗ്യവിഭാഗം രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും. പായം പഞ്ചായത്തില്‍ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ വീട്ടുകരോട് ഉടൻ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു.