Zygo-Ad

കണ്ണൂർ കല്യാട് 30 പവനും നാലു ലക്ഷം രൂപയും മോഷണം നടന്നതിൽ വൻ വഴിത്തിരിവ്;മകന്റെ ഭാര്യ കര്‍ണാടകയില്‍ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍

 


ഇരിക്കൂർ: കണ്ണൂർ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വൻ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ സുമലതയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിത(22)യെ കർണാടക സാലി ഗ്രാമത്തിലെ ലോഡ്ജില്‍ അതി ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഞായറാഴ്ചയാണ് ദർശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് സിബ്ഗ കോളേജിനു സമീപം പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടില്‍ കെ.സി. സുമലതയുടെ വീട്ടില്‍ മോഷണം നടന്നത്.

സുമലത മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെ നിന്നും വൈകുന്നേരം 4:30 നാണ് ഇവർ വീട്ടിലേക്ക് തിരിച്ചെത്തിയത്.

ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമലതയുടെ മറ്റൊരു മകൻ സൂരജ് വെള്ളിയാഴ്ച രാവിലെ ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു. 

ഇവർ പോയതിന് പിന്നാലെയാണ് ദർശിതയും രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്. സുമലത വൈകീട്ട് 4:30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

മോഷണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദർശിതയോട് വിവരങ്ങള്‍ അന്വേഷിക്കാൻ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല. 

ദർശിതയുടെ കൊലപാതകത്തില്‍ കർണാടക സ്വദേശിയായ ഒരാളെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദർശിതയെ കൊലപ്പെടുത്തിയത് വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ചാണ്.

 


മുഖം വികൃതമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചത് എന്ന് സൂചനയുണ്ട്. അതി ക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.

 ഇത് ദർശിതയുടെ ആണ്‍ സുഹൃത്താണെന്നാണ് പോലീസിൽ നിന്നുള്ള വിവരം. രാവിലെ ക്ഷേത്രത്തില്‍ പോയതിന് ശേഷം ലോഡ്ജില്‍ റൂമെടുത്തു. 

ദർശിതയെ റൂമിലാക്കിയ ശേഷം പുറത്ത് പോയി താൻ ഭക്ഷണം വാങ്ങിച്ച് തിരിച്ചു വന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കാണുന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇയാളുടെ മൊഴി പൂർണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി കെ ധനഞ്ജയ ബാബു, കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കവർന്നത് 30 പവനും അഞ്ച് ലക്ഷം രൂപയും

കല്യാട്ടെ സുമലതയുടെ വീട്ടില്‍ നിന്ന് കവർന്നത് 30 പവൻ സ്വർണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും. 

വീടിന് മുൻഭാഗത്തെ ചവിട്ടിക്കടിയിൽ സൂക്ഷിച്ച വീടിന്റെ താക്കോലെടുത്ത് വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ കിടപ്പു മുറിയിലെ അലമാരയിലെ തുണികള്‍ വാരിവലിച്ച്‌ താഴെയിട്ടു. അലമാരയുടെ താക്കോല്‍ അടുത്തു തന്നെ ഉണ്ടായിരുന്നു.

അലമാര ഈ താക്കോല്‍ ഉപയോഗിച്ച്‌ തുറന്നാണ് ആഭരണങ്ങള്‍ കവർന്നത്. വീടിന്റെ രണ്ടാം നിലയില്‍ കയറിയ മോഷ്ടാക്കള്‍ സൂരജിന്റെ അലമാരയില്‍ സൂക്ഷിച്ച അഞ്ചു ലക്ഷം രൂപയും എടുത്തു.

പരിസരവാസികള്‍ ഇരിക്കൂർ പോലീസില്‍ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു. ഇരിട്ടിയില്‍ നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ