മട്ടന്നൂർ(കണ്ണൂർ): കോടികളുടെ തട്ടിപ്പ് നടത്തി മട്ടന്നൂരില്‍ ജൂവലറി ഉടമകള്‍ മുങ്ങിയതായി പരാതി.
പഴയ സ്വർണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നല്‍കുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാല്‍ മുൻകൂറായി സ്വർണാഭരണങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു.
മട്ടന്നൂർ-തലശ്ശേരി റോഡിലെ മൈ ഗോള്‍ഡ് ജൂവലറി പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്സീർ ഉള്‍പ്പെടെ ആറു പേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്തു.
മട്ടന്നൂരിലും തൃശ്ശൂരിലുമുള്ള ജൂവലറികളില്‍ നിന്ന് സ്വർണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്.
98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
രണ്ടു ദിവസത്തിനുള്ളില്‍ മട്ടന്നൂർ സ്റ്റേഷനില്‍ 56 പരാതികളാണ് കിട്ടിയത്. ഇതു വരെ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തു.
ജൂവലറി ഉടമകളായ പ്രതികള്‍ ഒളിവിലാണെന്നും ഇവർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ ഇൻസ്പെക്ടർ എം.അനില്‍ പറഞ്ഞു.
സ്ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജൂവലറിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
സിസിടിവി ക്യാമറകള്‍ അടക്കം പ്രതികള്‍ ഇവിടെ നിന്ന് മാറ്റിയതായാണ് വിവരം. 2020-ലാണ് മട്ടന്നൂരില്‍ ഈ ജൂവലറി തുടങ്ങിയത്.
20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്.
