കൂത്തുപറമ്പ്: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്ത് നവോത്ഥാനം സൃഷ്ടിക്കുന്ന മറ്റൊരു മൈൽസ്റ്റോൺ ആയി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കും ഗർഭാശയ ഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിനേഷൻ പൈലറ്റ് പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളുവരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം ഒരുക്കിയതോടെ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗർഭാശയ ഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിൻ സർക്കാർ ദീർഘവീക്ഷണത്തിന്റെ ഭാഗമായ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിൽ തുടക്കമായ ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്കായാണ് എച്ച്പിവി വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ രണ്ടാമത്തെ പ്രധാന അർബുദമാണിതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
1957-ൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായാണ് കൂത്തുപറമ്പ് ആശുപത്രി ആരംഭിച്ചത്. 2009-ൽ താലൂക്ക് ആശുപത്രിയായി ഉയർന്ന ഈ സ്ഥാപനം ഇപ്പോൾ 59.23 കോടി രൂപ ചെലവിൽ 12 നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കായി മാറിയിരിക്കുകയാണ്. 171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് ഓപ്പറേഷൻ തിയേറ്ററുകൾ, നാല് ലേബർ സ്യൂട്ടുകൾ, 12 ഒ.പി. കൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃകയായിരിക്കുകയാണെന്നും, ശിശു-മാതൃമരണ നിരക്കുകൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ആയുർദൈർഘ്യത്തിന്റെ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ അത് 77 ആണ്. ഇത്തരം നേട്ടങ്ങൾ സർക്കാർ ദീർഘവീക്ഷണ പ്രവർത്തനങ്ങളുടെ ഫലമാണ്,” അദ്ദേഹം പറഞ്ഞു.
മാമോഗ്രാം സംവിധാനത്തിന് സഹായം നൽകിയ ഗെയിലിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്താൻ മാമോഗ്രാം പരിശോധനകൾ സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. “കേരളത്തിലെ ആരോഗ്യരംഗം ജനകീയവും രോഗിസൗഹൃദവുമാക്കി മാറ്റിയ സർക്കാരിന്റെ പ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി,” എന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കാൻസർ ചികിത്സ ലഭ്യമാക്കുന്ന സംവിധാനങ്ങൾ സർക്കാർ നടപ്പാക്കിയതായും അവർ പറഞ്ഞു.
സംസ്ഥാനത്ത് 5417 ജനകീയാരോഗ്യകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. 740 കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 150 ലധികം ആശുപത്രികളിൽ ഡയാലിസിസ് സൗകര്യവും 22 ആശുപത്രികളിൽ കാത്ത് ലാബും നിലവിലുണ്ട്.
കൂത്തുപറമ്പ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതിയ തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്നും ധനവകുപ്പിന്റെ അനുമതി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
എം.പി. ഡോ. വി. ശിവദാസൻ, എം.എൽ.എ.മാരായ കെ.കെ. ശൈലജ ടീച്ചർ, കെ.പി. മോഹനൻ എന്നിവർ മുഖ്യാതിഥികളായി. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. സഹിന, പി.ഡബ്ല്യു.ഡി. എഞ്ചിനീയർ യു.പി. ജയശ്രീ, വിവിധ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

