Zygo-Ad

സംസ്ഥാന ബജറ്റ്: ഇരിക്കൂർ മണ്ഡലത്തിന് 20.25 കോടി; അവഗണനയിൽ പ്രതിഷേധിച്ച് സജീവ് ജോസഫ് എം.എൽ.എ


 ഇരിക്കൂർ: സംസ്ഥാന ബജറ്റിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ റോഡ് വികസനത്തിനായി 20.25 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. രണ്ട് പ്രധാന പ്രവൃത്തികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡിന്റെ (6.5 കി.മീ) മെക്കാഡം ടാറിംഗിന് 15 കോടി രൂപയും, ഉളിക്കൽ - ഇരിട്ടി റോഡിൽ ഉളിക്കൽ മുതൽ ചെട്ടിയാർപീടിക വരെയുള്ള (3 കി.മീ) നവീകരണത്തിന് 5.25 കോടി രൂപയുമാണ് ലഭിച്ചത്.

എന്നാൽ, മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള പദ്ധതികളെ ബജറ്റ് അവഗണിച്ചതിൽ എം.എൽ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാലവർഷത്തിൽ തകർന്ന നിരവധി റോഡുകളും പാലങ്ങളും മണ്ഡലത്തിലുണ്ടായിട്ടും ഒരു പാലത്തിന്റെ പോലും പുനർനിർമ്മാണത്തിന് തുക അനുവദിക്കാത്തത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും കേവലം രണ്ട് പ്രവൃത്തികൾക്ക് മാത്രമാണ് ഫണ്ട് ലഭിച്ചത്.

എരുവാട്ടി - വിമലശ്ശേരി - തേർത്തല്ലി റോഡ്, കാർത്തികപുരം - പയ്യാവൂർ ടൗൺ സൗന്ദര്യവൽക്കരണം, ഇരിക്കൂർ പാലം നിർമ്മാണം, ഭിന്നശേഷിക്കാർക്കായുള്ള തെറാപ്പി സെന്റർ തുടങ്ങി 27 ഓളം പ്രവൃത്തികൾക്ക് ബജറ്റിൽ ടോക്കൺ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വട്ട്യാംതോട്, കൊളന്തകടവ്, വണ്ണായിക്കടവ് തുടങ്ങി പ്രധാന പാലങ്ങളുടെ നിർമ്മാണവും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ