മട്ടന്നൂർ: സംസ്ഥാന ബജറ്റിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന. വിവിധ വികസന പദ്ധതികൾക്കായി ആകെ 310 കോടി രൂപയാണ് മണ്ഡലത്തിൽ അനുവദിച്ചത്. തില്ലങ്കേരിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള യോഗ സെന്റർ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ നീക്കിവെച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് ബജറ്റ് നൽകിയിരിക്കുന്നത്. പൊറോറ-പെരുമണ്ണ് കടവിൽ പാലം നിർമ്മിക്കുന്നതിനായി 32 കോടി രൂപയും ഇരിക്കൂർ പാലം നിർമ്മാണത്തിനായും തുക വകയിരുത്തി. ടൂറിസം മേഖലയിൽ തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലെ ചിത്രവട്ടം, മച്ചൂർമല പദ്ധതികൾക്കായി 20 കോടി രൂപ അനുവദിച്ചു.
വിദ്യാഭ്യാസ മേഖലയിൽ വിദ്യാലയങ്ങളിൽ ലാംഗ്വേജ് ലാബുകൾ ഒരുക്കുന്ന 'തരംഗം' പദ്ധതിക്ക് 12 കോടി രൂപയും, മട്ടന്നൂർ പോളിടെക്‌നിക്ക് കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയും ലഭിച്ചു. എടയന്നൂർ-കാനാട്-തെറമ്മൽ റോഡ് നവീകരണത്തിന് 8 കോടി രൂപയും, റവന്യൂ ടവറിലേക്ക് മാറുന്ന ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
