കണ്ണവം: കണ്ണവം പോലീസ് പരിധിയിൽ നടത്തിയ റെയ്ഡിൽ മാരകശേഷിയുള്ള നാല് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കണ്ണവം തൊടീക്കളം കൈതക്കൊല്ലി റോഡരികിലെ ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ബോംബുകൾ.
രഹസ്യവിവരത്തെത്തുടർന്ന് കണ്ണവം പോലീസ് ഇൻസ്പെക്ടർ പി.ബി. സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രദേശം വിജനമായതിനാൽ ബോംബുകൾ വലിയ അപകടസാധ്യത ഉയർത്തിയിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ഇവ നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
കണ്ണവം എസ്.ഐ രാജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, സിവിൽ പോലീസ് ഓഫീസർ വിശ്വംഭരൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധങ്ങൾ ഒളിപ്പിച്ചു വെച്ചവരെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് അധികൃതർ.
