കൂത്തുപറമ്പ്: മാലൂർ, തോലമ്പ്ര ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി. മാലൂർ കൂവക്കര സ്വദേശി എൻ. വിനോദ് കുമാറിനെയാണ് കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്. വിൽപനയ്ക്കായി എത്തിച്ച ചാരായം ഒരു ലിറ്റർ വീതമുള്ള അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്.
എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ പൂവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി.എൻ. സതീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ. ബിൻസി, സിവിൽ എക്‌സൈസ് ഓഫീസർ സി. ജിജീഷ്, എക്‌സൈസ് ഡ്രൈവർ ധനീഷ് എന്നിവരും പങ്കെടുത്തു. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
