Zygo-Ad

ആലക്കോട്ട് തെയ്യത്തിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണശ്രമം; ചടുലനീക്കങ്ങളിലൂടെ പ്രതിരോധിച്ചു


 ആലക്കോട്: പുലർച്ചെ പെരുവാറ്റിനിറങ്ങിയ തെയ്യത്തിന് നേരെ തെരുവുനായ്ക്കളുടെ ആക്രമണശ്രമം. നടുവിൽ കിഴക്കേ കവലയിലെ മന്നൻകണ്ടി മടപ്പുരയിൽ കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യത്തിന് നേരെയാണ് നായ്ക്കൾ കുരച്ചുചാടിയത്. എന്നാൽ ഭയപ്പെടാതെ, തന്റെ വേഷപ്പകർച്ചയുടെ കരുത്തിൽ തെയ്യം ഇതിനെ ധീരമായി പ്രതിരോധിച്ചു.

ചിലമ്പുകൾ നിലത്ത് ആഞ്ഞുചവിട്ടി വലിയ ശബ്ദമുണ്ടാക്കിയും അട്ടഹസിച്ചും തെയ്യം ആക്രോശിച്ചതോടെ നായ്ക്കൾ ഭയന്നോടി. പത്തൊമ്പതുകാരനായ ആദിത്യനാഥാണ് കോലധാരി. നടുവിൽ ബാലവാടിക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മടപ്പുരയിൽ നിന്നും വേഷഭൂഷാദികളോടെ വാദ്യമേളങ്ങളോ അകമ്പടിയോ ഇല്ലാതെ തനിയെ വിവിധ ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന 'പെരുവാറ്റ് പാച്ചിൽ' എന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തെയ്യം നായ്ക്കളെ നേരിടുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ