മട്ടന്നൂർ: കണ്ണൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്‌സിക്ക (Goldsikka) കമ്പനി. 3.5 ലക്ഷം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്. ആയിരം ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 'ഗോൾഡ് സിറ്റി' സ്ഥാപിക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജ എം.എൽ.എ കമ്പനി അധികൃതരുമായി കിൻഫ്ര പാർക്കിൽ കൂടിക്കാഴ്ച നടത്തി.
അഞ്ച് ഘട്ടങ്ങളിലായാണ് ഗോൾഡ് സിറ്റി പദ്ധതി പൂർത്തിയാക്കുക. വിദേശ രാജ്യങ്ങളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണ അയിര് ശുദ്ധീകരിക്കുന്നത് മുതൽ, അത്യാധുനിക ഡിസൈനിംഗും ആഭരണ നിർമ്മാണവും വരെ ഉൾപ്പെടുന്ന സമ്പൂർണ്ണ സ്വർണ്ണ വ്യവസായ ശൃംഖലയാണ് ഇവിടെ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളിൽ കിൻഫ്രയിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ കമ്പനിയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആവശ്യമായ സ്ഥലവും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ലഭ്യമാക്കും.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും മുമ്പ് തന്നെ ഇത്രയും വലിയൊരു നിക്ഷേപ വാഗ്ദാനം എത്തിയത് വ്യവസായ പാർക്കിന്റെ വികസനത്തിന് വലിയ ഊർജ്ജമാകുമെന്ന് കെ.കെ. ശൈലജ എം.എൽ.എ പറഞ്ഞു. ആവശ്യമായ നിയമപരമായ അനുമതികൾ നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഗോൾഡ്‌സിക്ക എം.ഡി എസ്. തരൂജ് വ്യക്തമാക്കി. മട്ടന്നൂരിന്റെയും പരിസരപ്രദേശങ്ങളുടെയും സാമ്പത്തിക വളർച്ചയിൽ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
