കൂത്തുപറമ്പ്: റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു. കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ. പ്രദീപൻ ആണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കതിരൂർ മൂന്നാം മൈലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്
തലശ്ശേരി മാർക്കറ്റിൽ നിന്നും KL 58 Y 6623 നമ്പർ ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവും എടുത്ത് കുത്തുപറമ്പിനടുത്ത നരവൂരിലേക്ക് പോകുമ്പോൾ മൂന്നാം മൈൽ ടൗണിന് സമീപം വെച്ച് പന്നി കുറുകെ ചാടി.പന്നിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പുലർച്ചെ യാത്ര ചെയ്യുന്നവർ വലിയ ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ കതിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
